ഉത്തരവായിട്ടും ചീനിമരം മുറിച്ചില്ല; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: June 10, 2015 5:56 am | Last updated: June 10, 2015 at 4:57 pm

കൊളത്തൂര്‍: പുലാമന്തോള്‍ പഞ്ചായത്ത് മനങ്ങനാട് കിളിക്കുന്ന്കാവ് റോഡിന് സമീപം യാത്രക്കാര്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന ചീനിമരം മുറിക്കാനുത്തരവായിട്ടും അധികൃതരുടെ അനാസ്ഥ കാരണം വഴിയാത്രക്കാര്‍ ഭീതിയില്‍.
നാട്ടുകാരുടെ നിരന്തര പരാതി മൂലം ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ആര്‍ ഡി ഒ, പുലാമന്തോള്‍ വില്ലേജ് ഓഫീസര്‍ മുഖാന്തിരം നടത്തിയ അന്വേഷണത്തില്‍ പ്രസ്തുത മരം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് കണ്ടെത്തുകയും വില്ലേജ് ഓഫീസര്‍ ഇക്കാര്യം 2014 ആഗസ്റ്റ് 21ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചീനിമരം മുറിച്ച് മാറ്റി ലേലം ചെയ്ത് വില്‍ക്കുന്നിന് 2014 സെപ്തംബര്‍ 23ന് മലപ്പുറം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നിര്‍ദേശം നല്‍കി.
ഇക്കാര്യങ്ങള്‍ 2015 ജനുവരി 17ന് പെരിന്തല്‍മണ്ണ ആര്‍ ഡി ഒ പരാതിക്കാരെ അറിയിക്കുകയും ചെയ്തു. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തിയെങ്കിലും ഇന്നുവരെ മരം ലേലം ചെയ്യുന്നതിനുള്ള യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്. പുലാമന്തോള്‍-വളാഞ്ചേരി റൂട്ടിലെ പ്രധാന ബസ് സ്റ്റോപ്പും നാലും കൂടിയ റോഡും എല്ലാ സമയത്തും വാഹനങ്ങളാലും യാത്രക്കാരാലും തിരക്കുള്ളതാണ്.
കൂടാതെ കിളിക്കുന്ന്കാവ് ക്ഷേത്രത്തിലേക്കും മനങ്ങനാട് നമസ്‌കാര പള്ളിയിലേക്കും മദ്‌റസയിലേക്കുമുള്ള പ്രധാന റോഡിന് സമീപമാണ് മരം നില്‍ക്കുന്നത്. മരത്തിന് സമീപം ട്രാന്‍സ്‌ഫോര്‍മറും അടിയിലൂടെ ത്രീഫേസ് ലൈനുകളും കടന്നുപോകുന്നത് സ്ഥിതി ഗൗരവമാക്കുന്നു.
വീണ്ടുമൊരു വര്‍ഷകാലം കൂടി വരാനിരിക്കെ യാത്രക്കാരുടെയും പരിസരവാസികളുടെയും ചങ്കിടിപ്പ് വര്‍ധിക്കുകയാണ്. എത്രയും പെട്ടെന്ന് ഭീഷണിയുയര്‍ത്തുന്ന മരം വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.