Gulf
മക്കയുടെ നവീകരണം; രൂപകല്‍പന കരാര്‍ യു എ ഇ കമ്പനിക്ക്

ദുബൈ: മക്കയിലെ ബൃഹത്തായ നവീകരണത്തിന് രൂപരേഖ തയ്യാറാക്കാനുള്ള കരാര്‍ യു എ ഇ ആസ്ഥാനമായ എക്‌സ് ആര്‍കി ടെക്റ്റ് കമ്പനിക്ക്. ഹജ്ജിനെത്തുന്നവരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ മിനാ താഴ്‌വരയില്‍ നിരവധി കൂടാരങ്ങള്‍ പണിയുന്നതിന് അടിസ്ഥാന സൗകര്യം അടക്കം ബൃഹത് പദ്ധതിക്കാണ് സഊദി ഗവണ്‍മെന്റ് രൂപം കൊടുത്തിരിക്കുന്നത്. മിനാ താഴ്‌വരയില്‍ സ്ഥിരം കെട്ടിടങ്ങള്‍ പണിയും.
ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന ഹിമാ അല്‍ മശീര്‍ കുറേക്കൂടി സൗകര്യ പ്രദമാക്കുകയാണ് ലക്ഷ്യമെന്ന് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ഇവിടെ താമസ സൗകര്യത്തിന് വലിയ കെട്ടിടങ്ങളുണ്ടാകും. കാല്‍ നടയാത്രക്ക് വ്യത്യസ്ഥ നിലകളിലായി വഴികളുണ്ടാകും. മിനായിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇത് സൗകര്യ പ്രദമാകും. മിനായില്‍ നിന്ന് ഹറമിലേക്കും തിരിച്ചും ഏറ്റവും ആധുനികമായ പാതയാണ് നിര്‍മിക്കുന്നത്. അല്‍ ജംറ പ്ലാസ മുതല്‍ നിലവിലെ നടപ്പാലം വരെ ആയിരിക്കും. ഇവിടെ തുരങ്ക പാതക്കുള്ള സാധ്യതയും തേടുന്നുണ്ട്. സമീപത്തെ റോഡുകളും പാലങ്ങളും കാല്‍ നടയാത്രക്കാര്‍ക്ക് സൗകര്യത്തിനനുസരിച്ച് നവീകരിക്കും. ഇവിടെ വാഹനങ്ങളും ആളുകളും വര്‍ധിക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇല്ലായ്മ ചെയ്യും. സമീപത്തെ ചെറിയ പര്‍വതങ്ങളുടെ സാമീപ്യത്തെ ഫലപ്രദമായി ഉപയോഗിച്ചു കൊണ്ടുള്ള രൂപകല്‍പനയാണ് തയ്യാറാക്കുന്നത്. ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗവും തേടുന്നുണ്ട്, എക്‌സ് ആര്‍കിടെക്റ്റ് അധികൃതര്‍ അറിയിച്ചു.
8,21,200 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. ലോക പ്രശസ്തരായ ബ്യൂറോ അപ്പോള്‍ഡ് എന്ന എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റുമാര്‍ എക്‌സ് ആര്‍കിടെക്റ്റ് വിദഗ്ധരുമായി സഹകരിക്കുന്നുണ്ട്.