എംപിമാരില്‍ പകുതിയിലേറെയും എംപി ഫണ്ട് തൊട്ടിട്ടില്ല; പട്ടികയില്‍ രാജ്‌നാഥും സോണിയയും

Posted on: May 26, 2015 10:54 pm | Last updated: May 27, 2015 at 11:49 pm

sonia and rajnathന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ എംപിമാരില്‍ 55 ശതമാനം പേരും പ്രാദേശിക വികസന ഫണ്ട് ഉപയോഗപ്പെടുത്തിയിട്ടില്ലെന്ന് പഠന റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ എം പി ലാഡ്‌സ് ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നത്. 2015 മെയ് വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണ് പുറത്തുവന്നത്. അഞ്ച് കോടി രൂപയാണ് ഒരു എം പിക്ക് പ്രാദേശിക വികസന ഫണ്ടിലേക്ക് പ്രതിവര്‍ഷം ലഭിക്കുന്നത്.

542 ലോക്‌സഭാ അംഗങ്ങളില്‍ 298 പേരും പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പണം വിനിയോഗിച്ചിട്ടില്ല. രാസ – വളം മന്ത്രി ആനന്ദ് കുമാര്‍, നിയമമന്ത്രി സദാനന്ദ് ഗൗഡ, ചെറുകിട വ്യവസായ മന്ത്രി കല്‍രാജ് മിശ്ര, ജലമന്ത്രി ഉമാഭാരതി തുടങ്ങിയവരും പ്രാദേശിക വികസന ഫണ്ട് വിനിയോഗിക്കാത്തവരുടെ പട്ടികയിലുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരാണ് ഈ പട്ടികയില്‍ ഏറ്റവും കൂടുതല്‍. 52 പേര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രാദേശിക വികസന ഫണ്ടിന്റെ 16 ശതമാനം വരാണസിയില്‍ വിനിയോഗിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കുടിവള്ളം, മാലിന്യനിര്‍മാര്‍ജനം, വൈദ്യുതി, റോഡ് തുടങ്ങിയ മേഖലകളിലാണ് എം പി ഫണ്ട് വിനിയോഗിക്കാറുള്ളത്.