Editorial
ആരാണ് രാജ്യത്തെ നാണം കെടുത്തുന്നത്?

അല്‍പന്‍ അര്‍ധ രാത്രിയിലും കുട പിടിക്കുമെന്നൊരു ചൊല്ലുണ്ട്. പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്രമോദിയുടെ ചില ചെയ്തികള്‍ കാണുമ്പോള്‍ പലരും ഈ പഴമൊഴി ഓര്‍മിച്ചേക്കാം. ഒബാമയുടെ സന്ദര്‍ശനവേളയില്‍ സ്വന്തം പേരെഴുതിപ്പിടിപ്പിച്ച കോട്ട് ധരിച്ച നടപടി വിദേശ മാധ്യമങ്ങളുടെ പോലും പരിഹാസ്യത്തിന് ഇടയാക്കിയിരുന്നു. അടിക്കടിയുള്ള മോദിയുടെ വിദേശ യാത്രയിലും വ്യാപകമായ പ്രതിഷേധമുണ്ട്. “എന്‍ ആര്‍ ഐ പ്രധാനമന്ത്രി”യെന്ന രാഷ്ട്രീയ പ്രതിയോഗികളുടെ പ്രയോഗം സ്വാര്‍ഥകമാക്കിക്കൊണ്ടിരിക്കുന്ന മോദി അധികാരത്തിലേറി ഒരു വര്‍ഷം തികയുന്നതിന് മുമ്പേ 18 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഏറ്റവും ഒടുവില്‍ ചൈനാ, ദക്ഷിണ കൊറിയ സന്ദര്‍ശനങ്ങള്‍ക്കിടെ പ്രവാസി ഇന്ത്യക്കാരുടെ പരിപാടികളില്‍ അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ രാജ്യത്തെ നാണം കെടുത്തിയിരിക്കയാണ്. “ഇന്ത്യയില്‍ ജനിക്കാന്‍ മാത്രം എന്തു പാപമാണ് തങ്ങള്‍ ചെയ്തതെന്ന് ഒരു കാലത്ത് ഇന്ത്യക്കാര്‍ പരിതപിച്ചിരുന്നു. ആളുകള്‍ രാജ്യം വിട്ടുപോകുകയായിരുന്നു അന്ന്. ബിസിനസുകാര്‍ ഇന്ത്യയില്‍ സംരഭങ്ങള്‍ തുടങ്ങാനും വിമുഖത കാണിച്ചു. ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. ഇന്ത്യക്കാരാണെന്ന് പറയുന്നതില്‍ ഇന്ന് നിങ്ങള്‍ക്കഭിമാനിക്കാം. വ്യവസായികള്‍ ഇന്ത്യയിലേക്ക് വരാനും സന്നദ്ധത പ്രകടിപ്പിക്കുന്നു” ഇതാണ് മോദിയുടെ വാക്കുകള്‍.
മുന്‍ സര്‍ക്കാറുകളുടെ ഭരണം മോശമായിരുന്നുവെന്നും തന്റെ അധികാരാരോഹണത്തോടെയാണ് ഇന്ത്യക്കാര്‍ക്ക് തലയുയര്‍ത്തിപ്പിടിക്കാനുള്ള അവസരം വന്നുചേര്‍ന്നതെന്നുമാണ് അദ്ദേഹത്തിന്റെ അവകാശവാദം. രാജ്യത്തിനകത്ത് പാര്‍ട്ടി വേദികളില്‍ നടത്തേണ്ട ഇത്തരം അവകാശവാദങ്ങള്‍ പുറംനാടുകളില്‍ എടുത്തു പ്രയോഗിക്കുന്ന വിവരക്കേട് നേരത്തെ ഏതെങ്കിലും ഇന്ത്യന്‍ നേതാവില്‍ നിന്നോ മറ്റു രാഷ്ട്ര നേതാക്കളില്‍ നിന്നോ ഉണ്ടായതായി കേട്ടിട്ടില്ല. രാജ്യത്തിനകത്ത് പാര്‍ട്ടി നേതാക്കള്‍ പരസ്പരം എന്ത് തന്നെ പറഞ്ഞാലും വിദേശ രാജ്യങ്ങളില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിപ്പിടിക്കുന്ന പ്രസംഗങ്ങളും പ്രയോഗങ്ങളുമാണ് നടത്തേണ്ടത്. അതാണ് വിവേകവും ബുദ്ധിയും മര്യാദയും. മറിച്ചുള്ള പരാമര്‍ശങ്ങള്‍ ശുദ്ധവിവരക്കേടാണ്. സോഷ്യല്‍ മീഡിയയില്‍ മോദിയുടെ പ്രസംഗത്തിനെതിരെ രൂക്ഷമായ വിമര്‍ശമുരുന്നതും ഇതുകൊണ്ടാണ്.
ലോക നേതാക്കള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തും സ്വന്തം വ്യക്തിത്വം പെരുപ്പിച്ചു കാട്ടിയും അവസരോചിതമല്ലാത്തതും ചിന്താശൂന്യവുമായ പ്രസ്തവാനകള്‍ നടത്തിയും ഒരുതരം തരംതാണ വണ്‍മാന്‍ ഷോ ആണിപ്പോള്‍ മോദി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനായി പാവപ്പെട്ടവരുടെ നികുതിപ്പണത്തില്‍ നിന്ന് ശതകോടികള്‍ ചെലവഴിച്ചു വന്‍ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. അധികാരത്തിലേറി ആറ് മാസത്തിനകം മീഡിയയിലെ പരസ്യങ്ങള്‍ക്കായി 780 കോടി രുപയാണ് മോദി സര്‍ക്കാര്‍ വാരിയെറിഞ്ഞത്. യഥാര്‍ഥത്തില്‍ ഇതൊക്കെ കാണുമ്പോഴാണ് ഇന്ത്യക്കാര്‍ നാണിച്ചുതലതാഴ്‌ത്തേണ്ടി വരുന്നത്. രാജ്യത്തിന്റെ സല്‍പേരിനേറ്റ മറ്റൊരു ദുഷ്‌പേര് ബാബരി ധ്വംസനവും ഗുജറാത്ത് വംശഹത്യയും മറ്റും കാരണമായി മതേതരത്വത്തിന്ക്ഷതമമേല്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായതാണ്. ഇതാകട്ടെ മോദി ഉള്‍ക്കൊള്ളുന്ന സംഘ്പരിവാറിന്റെ നയങ്ങളുടെ അനന്തര ഫലവുമായിരുന്നു.
മോദിയുടെ അപക്വമായ ഈ നീക്കങ്ങളെ രാഷ്ട്രീയ എതിരാളികള്‍ മാത്രമല്ല കുറ്റപ്പെടുത്തുന്നത്. ബി ജെ പി നേതാക്കളും മോദിയുടെ സ്വന്തക്കാരും സംഘ്പരിവാര്‍ വക്താക്കളും അതിനെതിരെ രംഗത്തുവന്നു കൊണ്ടിരിക്കയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി പ്രചാരണം നടത്തുകയൂം മോദിയെ വാനോളം പുകഴ്ത്തുകയും ചെയ്ത ബാബാ രാംദേവ് രൂക്ഷഭാഷയിലാണ് സര്‍ക്കര്‍ നയങ്ങളെ വിമര്‍ശിച്ചത്. പ്രമുഖ കോളമിസ്റ്റും മുന്‍ എന്‍ ഡി എ മന്ത്രിസഭയിലെ പ്രമുഖാംഗവുമായിരുന്ന അരുണ്‍ ഷൂരിയും മോദിയുടെ ഏകാധിപത്യ നിലപാടുകളെ വിമര്‍ശിക്കുകയുണ്ടായി. കോണ്‍ഗ്രസ് വ്യക്തിപൂജ വളര്‍ത്തുന്നുവെന്ന് ആക്ഷേപിച്ചിരുന്ന ബി ജെ പി ഇപ്പോള്‍ നരേന്ദ്ര മോദിയെ ഒരു ബിംബമാക്കി അവതരിപ്പിക്കുയാണെന്ന് അരുണ്‍ഷൂരി ചൂണ്ടിക്കാട്ടുന്നു. നല്ല നാളെകള്‍ വാഗ്ദാനം ചെയ്തു അധികാരത്തിലേറിയ മോദിക്ക് മികച്ച ഭരണത്തിലൂടെ സര്‍ക്കാറിന്റെ പ്രതിച്ഛായ നന്നാക്കുന്നതിലല്ല, സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതില്‍ മാത്രമാണ് ബദ്ധശ്രദ്ധ. വികസിത ഇന്ത്യക്ക് ഭരണത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമണെന്ന് വരുത്തിത്തീക്കാനുള്ള ശ്രമത്തിലാണദ്ദേഹമെന്നും അരുണ്‍ഷൂരി കുറ്റപ്പെടുത്തുന്നു. ബി ജെ പി നേതാക്കളായ സുബ്രമണ്യ സ്വാമിയും രാം ജത്മലാനിയും മോദി, അമിത് ഷാ, അരുണ്‍ ജെയ്റ്റ്‌ലി കൂട്ടുകെട്ടിന്റെ സ്വേച്ഛാധിപത്യ പോക്കിലും മോദിയുടെ വണ്‍മാന്‍ഷോയിലും അതൃപതി വ്യക്തമാക്കുകയുണ്ടായി. പാര്‍ട്ടിയിലെ മറ്റു പല നേതാക്കളും അസ്വസ്ഥരാണ്. തുറന്നു പറഞ്ഞാലുള്ള പ്രത്യാഘാതം ഭയന്നു സഹിച്ചു കഴിയുകയാണവര്‍. ഇനിയും ഇതേ അവസ്ഥസ്ഥയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി കാണിച്ച കരുത്ത് ചോര്‍ന്നുപോകാന്‍ ഏറെ താമസമുണ്ടാകില്ല. രാജ്യത്തിന്റെ സ്ഥിതിയും കഷ്ടത്തിലാകും.