Ongoing News
മിന്നല്‍ ഹാട്രിക്കുമായി സാദിയോ മാനെ

സതാംപ്ടണ്‍: സതാംപ്ടണിന്റെ സാദിയോ മാനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗതയേറി ഹാട്രിക്കിനുടമയായി. ആസ്റ്റണ്‍ വില്ലക്കെതിരായ മത്സരത്തില്‍ രണ്ട് മിനുട്ട് 56 സെക്കന്‍ഡിനുള്ളില്‍ ഹാട്രിക്ക് നേടിയാണ് സെനഗല്‍ വിംഗറായ മാനെ പുതിയ റെക്കോര്‍ഡിന് അര്‍ഹനായത്. 1994ല്‍ ആഴ്‌സണലിനെതിരെ ലിവര്‍പൂള്‍ സ്‌ട്രൈക്കര്‍ റോബി ഫോളര്‍ നാല് മിനുട്ട് 33 സെക്കന്‍ഡിനുള്ളില്‍ നേടിയ ഹാട്രിക്കാണ് മാനെ പഴങ്കഥയാക്കിയത്. മത്സരത്തില്‍ സതാംപ്ടണ്‍ ആസ്റ്റണ്‍ വില്ലയെ 6-1ന് തകര്‍ത്തുവിട്ടു. മത്സരത്തിന്റെ 13ാം മിനുട്ടിലാണ് 23കാരനായ മാനെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 13,14,16 മിനുട്ടുകളിലായിരുന്നു മാനെയുടെ ഗോളുകള്‍. ആസ്റ്റണ്‍ വില്ല ഗോള്‍കീപ്പര്‍ ഷൈയുടെ കൈകളില്‍ തട്ടിത്തറിച്ച പന്ത് ഒഴിഞ്ഞപോസ്റ്റിലേക്ക് ചെത്തിയിട്ടായിരുന്നു ആദ്യ ഗോള്‍. 84 സെക്കന്റിനു ശേഷം വില്ല ഡിഫന്‍ഡര്‍ റോണ്‍ വഌറിന്റെ ബാക്ക് പാസ് പിടിച്ചെടുത്ത മനെ പന്ത് വലയിലെത്തിച്ച് രണ്ടാം ഗോള്‍. സെക്കന്‍ഡുകള്‍ക്കം പെനാല്‍ട്ടി ഏരിയയില്‍ നിന്ന് ഫസ്റ്റ് ടൈം ഷോട്ടിലൂടെ സാഡിയോ തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കി.