സണ്‍ റൈസേഴ്‌സിന് ജയം

Posted on: May 12, 2015 5:46 am | Last updated: May 11, 2015 at 11:46 pm

ഹൈദരാബാദ്: ഐ പി എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് ജയം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗ് തിരിഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ജയിക്കാന്‍ വലിയ സ്‌കോര്‍ വേണ്ടിയിരുന്ന പഞ്ചാബിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ സ്‌കോര്‍ 42ല്‍ നില്‍ക്കെ അഞ്ചാം ഓവറില്‍ മുരളി വിജയ് (24) പുറത്തായതോടെ പഞ്ചാബിന്റെ തകര്‍ച്ച ആരംഭിച്ചു. അവസാന നിമിഷം ആഞ്ഞടിച്ച ഡേവിഡ് മില്ലറിലൂടെ (44 പന്തില്‍ 89) മത്സരത്തിലേക്ക് പഞ്ചാബ് ഉജ്ജ്വലമായി തിരിച്ചുവന്നെങ്കിലും അഞ്ച് റണ്‍സകലെ പോരാട്ടം അവസാനിച്ചു.
നേരത്തെ 52 പന്തില്‍ 81 റണ്‍സെടുത്ത നായകന്‍ ഡേവിഡ് വാര്‍ണര്‍ ആണ് ഹൈദരാബാദിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അഞ്ച് സിക്‌സും ആറ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിംഗ്‌സ്. ശിഖര്‍ ധവാന്‍ (24), ഹെന്റിക്ക്‌സ് (28), മോര്‍ഗന്‍ (17) എന്നിവര്‍ ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തു. പഞ്ചാബിന് വേണ്ടി ഹെന്‍ഡ്രിക്‌സ് രണ്ടും ഗുര്‍കീരത് സിംഗ്, മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.