വിധി കേട്ടത് നിറകണ്ണുകളോടെ

Posted on: May 7, 2015 4:35 am | Last updated: May 6, 2015 at 11:37 pm

salman-khan-car_650x400_41430901774മുംബൈ: സല്‍മാന്‍ ഖാന്‍ മുംബൈ സെഷന്‍സ് കോടതിവിധി കേട്ടത് നിറകണ്ണുകളോടെ. വെള്ള ഷര്‍ട്ടും ജീന്‍സും ധരിച്ച് കുടുംബത്തോടൊപ്പം 10.33നാണ് സല്‍മാന്‍ തന്റെ കാറില്‍ കോടതിയിലെത്തിയത്. കനത്ത സുരക്ഷായിരുന്നു കോടതി പരിസരത്ത്. ടെലിവിഷന്‍ ചാനലുകള്‍ സല്‍മാനെ വളഞ്ഞെങ്കിലും ഒന്നും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
11.15 ഓടെ വിധിപ്രസ്താവം തുടങ്ങിയപ്പോള്‍ സല്‍മാന്‍ ഖാന്റെ മുഖത്ത് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും മദ്യപിച്ച് വാഹനം ഓടിച്ചത് അടക്കമുള്ള കുറ്റങ്ങള്‍ എല്ലാം തെളിയിക്കപ്പെട്ടതായി ജഡ്ജി ഡി വി ദേശ്പാണ്ഡെ പ്രഖ്യാപിച്ചതോടെ സല്‍മാന്‍ അസ്വസ്ഥനായി കാണപ്പെട്ടു. അപകടസമയത്ത് കാറോടിച്ചിരുന്നത് സല്‍മാനാണെന്ന് പറഞ്ഞ കോടതി, മദ്യലഹരിയില്‍ ആയിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
പ്രതിക്കൂട്ടില്‍ പിടിച്ച് നിന്ന സല്‍മാന്‍ കോടതിയില്‍ ഇരുന്നവരെ നിരാശനായി നോക്കി. എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് താനല്ല കാര്‍ ഓടിച്ചത് എന്നായിരുന്നു സല്‍മാന്റെ മറുപടി. അത് പറഞ്ഞപ്പോഴാണ് സല്‍മാന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്.
ശിക്ഷ രണ്ടു വര്‍ഷവും പിഴയുമാക്കണമെന്ന് സല്‍മാന്റെ അഭിഭാഷകന്റെ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ദീര്‍ഘനാളായി സല്‍മാന്‍ നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കണമെന്നും അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ കുറ്റത്തിന് അര്‍ഹമായ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അതേസമയം വാഹനാപകടക്കേസില്‍ സല്‍മാന്‍ ഖാനെ അഞ്ചു വര്‍ഷത്തെ തടവിന് വിധിച്ച കോടതി നടപടിയെ വിമര്‍ശിച്ച് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തി. സല്‍മാന്‍ സമൂഹത്തിനു വേണ്ടി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷയില്‍ കുറവ് വരുത്തേണ്ടിയിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ ശക്തമായ ഭാഷയിലാണ് പ്രതിഷേധമറിയിച്ചത്.