മന്ത്രി ബാബുവിന്‌ 50 ലക്ഷം നേരിട്ടു കൈമാറിയെന്ന് ബിജു രമേശ്

Posted on: May 6, 2015 9:58 pm | Last updated: May 6, 2015 at 11:44 pm

biju rameshതിരുവനന്തപുരം: മന്ത്രി കെ ബാബുവിന് നല്‍കിയ പത്ത് കോടി രൂപയില്‍ ആദ്യഗഡുവായ 50 ലക്ഷം രൂപ താന്‍ നേരിട്ടാണ് കൈമാറിയതെന്ന് ബിജു രമേശ്. കൊച്ചിയില്‍ വിജിലന്‍സിന് മുമ്പാകെയാണ് ബിജു ഇക്കാര്യം അറിയിച്ചത്. സെക്രട്ടറിയേറ്റില്‍ മന്ത്രി കെ ബാബുവിന്റെ മുറിയില്‍ താന്‍ നേരിട്ടാണ് ആദ്യ ഗഡുവായ 50 ലക്ഷം രൂപ നല്‍കിയതെന്ന് ബിജു രമേശ് മൊഴി നല്‍കി. ബാര്‍ ഉടമകളില്‍ നിന്ന് വാങ്ങിയത് കൂടാതെ മദ്യക്കമ്പനികളില്‍ നിന്നും കെ ബാബു കോടിക്കണക്കിന് രൂപ വാങ്ങിയിട്ടുണ്ടെന്നും ഈ പണം ബന്ധുക്കള്‍ മുഖേന ബിസിനസ് രംഗത്ത് നിക്ഷേപിച്ചതിന്റെ തെളിവുകള്‍ മൂന്നാഴ്ചക്കകം പരസ്യപ്പെടുത്തുമെന്നും ബിജു രമേശ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചി വിജിലന്‍സ് ആസ്ഥാനത്ത് രാവിലെ പതിനൊന്നരയ്ക്ക് തുടങ്ങിയ മൊഴിയെടുക്കല്‍ വൈകിട്ട് അഞ്ചര വരെ നീണ്ടു. ചേംബര്‍ ഓഫ് കോമേഴ്‌സ് ഭാരവാഹി റസീഫും കൂടെയുണ്ടായിരുന്നു. ഇതിന്റെ രേഖകള്‍ കൈമാറുമെന്ന് ബിജു രമേശ് രാവിലെ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും മൊഴി മാത്രമേ നല്‍കിയുള്ളൂ.