ബാദല്‍ സര്‍ക്കാറിനെ പിരിച്ചു വിടണമെന്ന് ആം ആദ്മി പാര്‍ട്ടി

Posted on: May 4, 2015 4:42 am | Last updated: May 3, 2015 at 11:07 pm

am admiജലന്ധര്‍: പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള പഞ്ചാബിലെ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ആം ആദ്മി പാര്‍ട്ടി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. പഞ്ചാബിലെ ഭരണസംവിധാനം പൂര്‍ണമായും നിലച്ചിരിക്കുകയാണെന്നും ഭരണ ഘടനാ വകുപ്പുകളെയും ദേശ നിയമങ്ങളെയും മുഖ്യമന്ത്രി പ്രകാശ് ബാദലും അദ്ദേഹത്തിന്റെ മകനും പരിഹസിക്കുകയാണെന്നും എ എ പി ആരോപിച്ചു. ബിസിനസ് താത്പര്യങ്ങള്‍ സംരക്ഷിക്കാനും അനധികൃത സാമ്പത്തിക നേട്ടങ്ങള്‍ക്കുമുള്ളതാണ് അവര്‍ക്ക് ഭരണമെന്നും എ എ പി ആരോപിച്ചു.
എ എ പി ദേശീയ വക്താവും പഞ്ചാബ് യൂനിറ്റ് ഭരണനിര്‍വഹണ സമിതി അംഗവുമായ മുതിര്‍ന്ന അഭിഭാഷകന്‍ എച്ച് എസ് ഫൂല്‍ക രാഷ്ട്രപതിക്കു നല്‍കിയ കത്തില്‍ പഞ്ചാബ് സര്‍ക്കാറിന്റെ ഭരണ പാപ്പരത്തത്തെ ചൂണ്ടിക്കാണിക്കുന്ന പത്ത് കാരണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്.
കത്തില്‍ ബാദല്‍ സര്‍ക്കാറിന്റെ പിരിച്ചുവിടല്‍ ആവശ്യപ്പെട്ടതിനോടൊപ്പം തന്നെ സംസ്ഥാന ഗവര്‍ണറില്‍ നിന്നും സംഭവങ്ങളുടെ റിപ്പോര്‍ട്ട് തേടണമെന്നും എ എ പി കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
മോഗ സംഭവവും പഞ്ചാബിലെ ലഹളകളും ജനങ്ങള്‍ തെരുവുകള്‍ കൈയേറുന്നതും പരാമര്‍ശിക്കുന്നിടത്ത് ഫൂല്‍ക ഇതിനുള്ള കാരണങ്ങളും വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് നിന്നും മറ്റു ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ തുടച്ച് നീക്കാനും ഓര്‍ബിറ്റ് ഏവിയേഷന് കുത്തകാവകാശം സ്ഥാപിപ്പിക്കാനുമാണ് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ പദവി ഉപയോഗിക്കുന്നത്. ഇതിന്റെ ഫലമായി ജനങ്ങള്‍ ഈ കൊലയാളി ബസ്സുകളെ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നു. നിയമങ്ങള്‍ ലംഘിക്കുന്നതിലും ഹതഭാഗ്യരായ ജനങ്ങളെ കൊല്ലുന്നതിലും ഈ ബസ്സുകള്‍ക്ക് വളരെ നീണ്ട ചരിത്രമുണ്ടെന്നും കത്തില്‍ പറയുന്നു. 2014 ഏപ്രിലില്‍ 55കാരനായ വൃദ്ധന്‍ ഓര്‍ബിറ്റ് ബസ്സില്‍ നിന്നും വീണു ഗുരുതര പരുക്കേറ്റതാണ് അവസാന സംഭവം. ഏപ്രില്‍ ഒന്നിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അപകട കാരണമായി നഗരത്തില്‍ ബന്ദ് നടത്തിയെങ്കിലും ഒരു നടപടിയും സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
എ എ പി രാഷ്ട്രപതിക്കു സമര്‍പിച്ച കത്തില്‍ ബാദല്‍ സര്‍ക്കാറിനെതിരായ നിരവധി സംഭവങ്ങള്‍ ആരോപിക്കുന്നുണ്ട്.