Kozhikode
ഹയര്‍ സെക്കന്‍ഡറിയില്‍ നിയമനം നടക്കുന്നില്ലെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ്

കോഴിക്കോട്: പി എസ് സി റാങ്ക് ലിസ്റ്റ് നിലവിലുണ്ടായിട്ടും ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് അധ്യാപക തസ്തികയിലേക്ക് നിയമനം നടക്കുന്നില്ലെന്ന് പരാതി. ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റുകളില്‍ നിന്നും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണിത്. 2009ന് ശേഷമാണ് നിയമനം മുടങ്ങിയത്. 2010 ഡിസംബറില്‍ പി എസ് സി വിജ്ഞാപനം പുറപ്പെടുവിക്കുകയും 2012 ആഗസ്റ്റ് ഒന്നിന് പരീക്ഷയും നടത്തിയിരുന്നു. 2013 ഡിസംബറില്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2014 മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ ഇന്റര്‍വ്യൂവും നടത്തി. തുടര്‍ന്ന് 2014 ഡിസംബറില്‍ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. ആറ് മാസം പിന്നിട്ടിട്ടും നിയമനം നടന്നിട്ടില്ലെന്ന് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികള്‍ പറയുന്നു. റാങ്ക് ലിസ്റ്റില്‍പെട്ട രണ്ടായിരത്തോളം ഉദ്യോഗാര്‍ഥികളാണ് നിയമനം കാത്ത് നില്‍കുന്നത്. നിലവില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 132 ഒഴിവുകളും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 107 ഒഴിവുകളുമുണ്ടെന്ന് ഡയറക്ടറേറ്റുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ട് മേഖലകളിലുമായി നൂറോളം ഒഴിവുകള്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാനുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ സ്ഥിരാധ്യാപക നിയമനം മാത്രമാണ് മുടക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ യഥാസമയം തസ്തികകകള്‍ സൃഷ്ടിച്ച് നിയമനം നടത്തുന്നുമുണ്ടെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ മേഖലയെ അവഗണിച്ച് പൊതുവിദ്യാഭ്യാസത്തെ അവതാളത്തിലാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കി പി എസ് സി വഴിയുള്ള നിയമനം വൈകിപ്പിക്കുമ്പോള്‍ പകരം യോഗ്യരല്ലാത്ത അധ്യാപകരെ താത്ക്കാലികമായി നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമനം ലഭിക്കും വരെ പി എസ് സി ആസ്ഥാനത്തും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ക്കു മുന്നിലും ധര്‍ണയിരിക്കുമെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജി ഗിരിസുധ, എല്‍ എസ് പ്രിയംവദ, കെ പി പ്രസീത, കെ സിന്ധു, എം എന്‍ ഷീന, കെ ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.