Connect with us

Gulf

അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടു

Published

|

Last Updated

>>എംഎ യൂസുഫലി രണ്ടാമത്‌

ദുബൈ: അറബ് ലോകത്ത് ബിസിനസ് രംഗത്ത് മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യക്കാരുടെ പട്ടിക സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തുവിട്ടു. സ്റ്റാലിയന്‍ ഗ്രൂപ്പ് ചെയര്‍മാനും സി ഇ ഒയുമായ സുനില്‍ വസ്‌വാനിയാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷനല്‍ എം ഡി. എം എ യൂസുഫലിയാണ് ഇടം പിടിച്ചത്. ലാന്റ് മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് ജഗ്തിയാനി മൂന്നാം സ്ഥാനത്തും എന്‍ എം സി ഹെല്‍ത്‌കെയര്‍ സാരഥി ബി ആര്‍ ഷെട്ടി നാലാം സ്ഥാനത്തുമാണ്.

ഡോഡ്‌സല്‍ ഗ്രൂപ്പിന്റെ രാജന്‍ കിലാചന്ദും ബി ആര്‍ ഷെട്ടിക്കൊപ്പം നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ജെംസ് ഗ്രൂപ്പിന്റെ സണ്ണി വര്‍ക്കി ആറാമതും ശോഭ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ അമരക്കാരന്‍ പി എന്‍ സി മേനോന്‍ ഏഴും സ്ഥാനത്ത് എത്തിയപ്പോള്‍ ആര്‍ പി ഗ്രൂപ്പ് ഉടമ രവി പിള്ള എട്ടാം സ്ഥാനവും കരസ്ഥമാക്കി.
ആസ്റ്റര്‍ ഡി എം ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ ഒമ്പതാം സ്ഥാനത്തുണ്ട്. കെ എം ട്രെയിഡിംഗ് കമ്പനിയുടെ കെ മുഹമ്മദ് (10) എന്നിവരാണ് യു എ ഇയില്‍ നിന്ന് ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍. ഇവരില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. അറബ് ലോകത്തുനിന്ന് പട്ടികയില്‍ ഇടംപിടിച്ച 100 പേരില്‍ 90 പേരും യു എ ഇയില്‍ താമസിക്കുന്നവരാണ്. അഞ്ചുപേര്‍ കുവൈത്തിലും മൂന്നുപേര്‍ സഊദി അറേബ്യയിലും ഒരാള്‍ വീതം ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും കഴിയുന്നവരാണ്.
എക്‌സിക്യൂട്ടീവ് വിഭാഗത്തില്‍ പട്ടികയില്‍ ഇടംപിടിച്ചവരില്‍ ഒന്നാമന്‍ ഇ എം ഇ എ ആന്‍ഡ് അമേരിക്കാസ് ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബേങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ വി ശങ്കറാണ്. പെപ്‌സി കോള ഇന്റര്‍നാഷനലിന്റെ ഏഷ്യ, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക മേഖല സി ഇ ഒ സജ്ജീവ് ചന്ദ്രയാണ് രണ്ടാം സ്ഥാനത്ത്. ജംബോ ഇലക്‌ട്രോണിക്‌സ് കമ്പനി സി ഇ ഒ വിശേഷ് ബാട്യ, ഇറോസ് ഗ്രൂപ്പ് സി ഇ ഒ ദീപക് ബബാനി എന്നിവരും ആദ്യ അഞ്ചില്‍ ഇടംപിടിച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ആദ്യ 10ല്‍ ഇടംനേടിയവരില്‍ ഒമ്പത് പേരും യു എ ഇയില്‍ താമസിക്കുന്നവരാണ്.

---- facebook comment plugin here -----

Latest