Connect with us

Gulf

നേപ്പാള്‍ ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി വണ്ടൂര്‍ സ്വദേശി

Published

|

Last Updated

അജ്മാന്‍: മലപ്പുറം വണ്ടൂര്‍ സ്വദേശിയായ ഷെബിന്‍ ഷമീമിന് ആ ഓര്‍മകളൊന്നും അത്ര പെട്ടെന്ന് മറക്കാനാവില്ല. നേപ്പാളിലെ ദുരന്ത ഭൂമിയില്‍ നിന്ന് ഇന്നലെ രാവിലെയാണ് റാസല്‍ ഖൈമ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയായ ഷെബിനും സുഹൃത്തുക്കളും തിരിച്ചെത്തിയത്. മലകയറ്റത്തിനായാണ് സുഹൃത്തും സഹപാഠിയുമായ റോഹന്‍ മാത്യുവും ഇതേ കോളജിലെ അവസാന വര്‍ഷ എം ബി എ വിദ്യാര്‍ഥികളായ സേവ്യര്‍ മാത്യൂവും രാജു ഫിലിപ്പും 24-ാം തിയതി രാവിലെ 7.15നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ-കാഠ്മണ്ഡു വിമാനത്തില്‍ പുറപ്പെട്ടത്. എമിറേറ്റ്‌സ് എയര്‍വേയ്‌സില്‍ ജോലി ചെയ്യുന്ന മറ്റൊരു സുഹൃത്തായ ശഫീഖ് അബ്ദുര്‍റഹ്മാന്‍ എമിറേറ്റ്‌സ് വിമാനത്തില്‍ കാഠ്മണ്ഡുവിലേക്ക് എത്തിയിരുന്നു.
“ഉച്ചക്കാണ് ഞങ്ങള്‍ നാലുപേരും വിമാനം ഇറങ്ങിയത്. 12 മണിയായിക്കാണണം, പിന്നീട് ഹോട്ടലിലേക്ക് പോയി. താമസവും വിമാനടിക്കറ്റും എല്ലാം ഉള്‍പെട്ട പാക്കേജിലായിരുന്നു ഞങ്ങളുടെ യാത്ര. തമില്‍ എന്ന പ്രദേശത്തായിരുന്നു താമസിച്ചത്. പത്തോ പതിനഞ്ചോ മിനുട്ടേ നഗരത്തിന്റെ ആ ഭാഗത്ത് എത്താന്‍ വേണ്ടിവന്നുള്ളു. അന്ന് ഞങ്ങള്‍ നേപ്പാള്‍ തലസ്ഥാനത്തെ കാഴ്ചകള്‍ കണ്ടു. നാട്ടില്‍ നിന്നുള്ള മൂന്നു സുഹൃത്തുക്കളും കാഠ്മണ്ഡുവിലേക്ക് എത്തിയിരുന്നു.
രാത്രി 10.30ന് മലകയറ്റത്തിനായി പൊഖ്‌റയിലേക്ക് പുറപ്പെട്ടു. 25 (ശനി)ന് പുലര്‍ച്ചെ നാലു മണിക്കാണ് ഞങ്ങള്‍ എത്തിയത്. പാക്കേജിന്റെ ഭാഗമായ ഒരു സ്‌കോര്‍പ്പിയോ കാറിലായിരുന്നു കാഠ്മണ്ഡു-പൊഖ്‌റ യാത്ര.
സ്‌പ്ലെന്റിസ് വ്യൂവെന്ന ഹോട്ടലിലായിരുന്നു താമസിച്ചത്. എത്തിയ ഉടന്‍ പ്രഭാത ഭക്ഷണം കഴിച്ചു. ഭക്ഷണം കഴിക്കവെ ഭൂമി കുലുങ്ങിയത് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു.
സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരം മീറ്റര്‍ ഉയരമുള്ള സ്ഥലമാണ് പൊഖ്‌റ. മല കയറാനായി എത്തുന്നവര്‍ പതിവായി തമ്പടിക്കുന്ന നഗരമാണിത്.
ഭയം തോന്നിയതിനാല്‍ താഴേക്ക് ഓടി. സ്വദേശിയായ ഒരാള്‍ ഭൂമികുലുക്കം അവിടെ പതിവാണെന്ന് അറിയിച്ചു. ദിവസവും ഒന്നോ രണ്ടോ തവണ ഭൂമി കുലുങ്ങുമത്രെ. ഭയക്കേണ്ടതില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പ്രഭാത ഭക്ഷണം കഴിച്ച് ഉച്ചവരെ കിടന്നു. രാവിലെത്തെ ആ കുലുക്കത്തിന് ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ ഇടവിട്ട് ഭൂമി പ്രകമ്പനം കൊണ്ടുകൊണ്ടിരുന്നു. അന്ന് രാത്രി ഞങ്ങള്‍ രണ്ടുപേരും ഊഴമിട്ടാണ് ഉറങ്ങിയത്. ഒരാള്‍ ഉറങ്ങുമ്പോള്‍ ഒരാള്‍ ജാഗ്രതയോടെ ഇരിക്കും.
പിറ്റേന്നാണ് ഭൂകമ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ടി വിയിലൂടെ അറിയുന്നത്. എന്നാലും ഞങ്ങള്‍ താമസിച്ച ഹോട്ടലിനോ പരിസരങ്ങള്‍ക്കോ യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. കാഠ്മണ്ഡുവിലും പരിസരങ്ങളിലുമാണ് ഭൂകമ്പം ഏറ്റവുമധികം നാശം വിതച്ചത്. ഞായറാഴ്ച (26ന്) പകല്‍ മുഴുവന്‍ ഞങ്ങള്‍ പൊഖ്‌റയിലും പരിസരങ്ങളിലും കാഴ്ചകള്‍ കണ്ടു കഴിച്ചുകൂട്ടി. ബോട്ടിംഗിന് പോയി. അവിടെ ഒന്നും സംഭവിക്കാത്തതിനാല്‍ പേടി തോന്നിയില്ല.
ആളുകള്‍ തങ്ങളുടെ ജോലികളില്‍ ഏര്‍പെട്ട് ശാന്തരായി കഴിയുന്നു. ഭൂകമ്പം ആ നാടിനെ തകര്‍ത്തതിനാല്‍ മലകയറ്റം ഉപേക്ഷിച്ച് വൈകീട്ട് ഞങ്ങള്‍ കാഠ്മണ്ടുവിലേക്ക് തിരിച്ചു. രാത്രി ഏറെ വൈകിയാണ് എത്തിയത്. അവിടെ കണ്ട കാഴ്ചകള്‍ ഞങ്ങളെ ഞെട്ടിച്ചു. കഴിഞ്ഞ ദിവസം എത്തിയ നഗരം കാണാനെ ഉണ്ടായിരുന്നില്ല. നോക്കുന്നിടത്തെല്ലാം തകര്‍ന്ന കെട്ടിടങ്ങള്‍. പലയിടങ്ങളിലും കല്ലും മണ്ണും കൂടിക്കിടക്കുന്നു. മിക്ക കെട്ടിടങ്ങളിലും വിള്ളല്‍ കണ്ടു. ഞങ്ങളുടെ ഡ്രൈവറുടെ വീടും തകര്‍ന്നതിനാല്‍ ഞങ്ങള്‍ ഓരോരുത്തരും ഒരു സംഖ്യ അയാള്‍ക്ക് നല്‍കി. മഹാരാജാ ഹോട്ടലിലായിരുന്നു താമസിച്ചത്. സാധനങ്ങള്‍ മുറിയില്‍ വെച്ച് പുറത്ത്‌വന്നു പായ വിരിച്ചു കിടന്നു. ഇനിയും ഭൂമി കുലുങ്ങിയേക്കാമെന്നതിനാല്‍ ആരും കെട്ടിടങ്ങള്‍ക്ക് അകത്ത് കഴിയാന്‍ ധൈര്യപ്പെട്ടില്ല. തൊട്ടടുത്തെല്ലാം ആളുകള്‍ തമ്പുകളില്‍ ഉറങ്ങുന്നത് കണ്ടു.
തിങ്കാളാഴ്ച (27ന്) ഉച്ചക്ക് ദുബൈക്ക് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ മിക്ക വിമാനങ്ങളും താമസിച്ചതിനാല്‍ പുറപ്പെടുമ്പോള്‍ ഇന്നലെ പുലര്‍ച്ചെ 1.30 ആയി. ഏഴരക്കാണ് ഷാര്‍ജയില്‍ ഇറങ്ങിയത്.
കാഠ്മണ്ടുവില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതും കണ്ടിരുന്നു. ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ വന്നിരുന്നു. സൗജന്യമായി നാട്ടില്‍ എത്താന്‍ സാധിക്കുമെന്ന് വന്നതോടെ എല്ലാവും ഇടിച്ചുകയറാന്‍ ശ്രമിച്ചതോടെ രണ്ടു വിമാനങ്ങളും ക്യാന്‍സല്‍ ചെയ്തു. നേപ്പാള്‍ യാത്രയെക്കുറിച്ച് പറയവേ ഷെബിന്‍ വെളിപ്പെടുത്തി.

Latest