ഇടുക്കി പദ്ധതി കാലാവധി കഴിഞ്ഞ് 14 വര്‍ഷം; സ്‌ഫോടനവും തകരാറും തുടര്‍ക്കഥ

Posted on: April 29, 2015 4:22 am | Last updated: April 29, 2015 at 12:23 am

moolamattamതൊടുപുഴ: 39 വര്‍ഷം പഴക്കമുളള ഇടുക്കി പദ്ധതി കാലഹരണപ്പെടുന്നതിന്റെ മുന്നറിയിപ്പുകള്‍ നല്‍കി മൂലമറ്റം പവര്‍ ഹൗസില്‍ നാല് വര്‍ഷത്തിനിടെ നാലാം സ്‌ഫോടനം. പള്ളിവാസല്‍ നവീകരണത്തിന്റെ പേരില്‍ വിവാദം സൃഷ്ടിച്ച എസ് എന്‍ സി ലവ്‌ലിന്‍ കമ്പനിയുടെ മുന്‍ഗാമികളായ കനേഡിയന്‍ കമ്പനിയുടെ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച പവര്‍ ഹൗസിന്റെ സാങ്കേതികത്വം അറിയുന്ന ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി ബോര്‍ഡ് ഇരുട്ടില്‍ തപ്പുകയാണ്. കാനഡയില്‍ അയച്ച് വിദഗ്ധ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥരാരും ഇപ്പോള്‍ വൈദ്യുതി ബോര്‍ഡിലില്ല. പവര്‍ഹൗസ് നവീകരണത്തിന് പദ്ധതിയിട്ടെങ്കിലും നടക്കാതെ പോകുന്നത് ഇക്കാരണത്താലാണ്.

2011 ജൂണ്‍ 23ന് പവര്‍ഹൗസിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ചിരുന്നു. പിന്നീട് 2013 നവംബര്‍ മൂന്നിനും ഏഴിനും വീണ്ടും പൊട്ടിത്തെറിയുണ്ടായി. 2002ല്‍ വൈദ്യുതി ബോര്‍ഡിലെ ഓഫീസേഴ്‌സ് അസോസിയേഷനും 2003 ല്‍ വിദഗ്ധ സമിതിയും ജനറേറ്ററുകളുടെ കാലപ്പഴക്കം സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. 2000 ത്തിന് ശേഷം ജനറേറ്ററുകള്‍ തകരാറിലാകുന്നത് പതിവാണ്. 2001 ല്‍ പാനല്‍ ബോര്‍ഡ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. 2011 ഒക്‌ടോബറില്‍ അമിത ലോഡ് മൂലം ഇവിടുത്തെ അഞ്ച് ജനറേറ്ററുകളും ഒന്നിച്ച് പ്രവര്‍ത്തനം നിലച്ചിരുന്നു. പവര്‍ ഹൗസില്‍ പലപ്പോഴുമുണ്ടാകുന്ന തകരാറുകള്‍ പുറംലോകം അറിയാറില്ല.
ഫലത്തില്‍ പവര്‍ഹൗസിലെ ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും സാങ്കേതികമായി കാലഹരണപ്പെട്ടു കഴിഞ്ഞു. 1976 ഫെബ്രുവരി 16 നാണ് ഇടുക്കി പദ്ധതി കമ്മീഷന്‍ ചെയ്തത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ജനറേറ്ററുകള്‍ വീതം രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിച്ചത്. ഒരോ ജനറേറ്ററുകള്‍ക്കും പദ്ധതിയുടെ നിര്‍മാതാക്കളായ കനേഡിയന്‍ വിദഗ്ധര്‍ കണക്കാക്കിയ പരമാവധി ആയുസ്സ് രണ്ട് ലക്ഷം മണിക്കൂറാണ്. എന്നാല്‍, ഇതിനകം എല്ലാ ജനറേറ്ററുകളും മൂന്ന് ലക്ഷം മണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞു. 25 വര്‍ഷത്തെ കാലാവധിയാണ് കമ്പനി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ജനറേറ്ററുകളുടെ കാലാവധി കഴിഞ്ഞിട്ട് 14 വര്‍ഷമായി.
കേരളം ഊര്‍ജ പ്രതിസന്ധിയിലായതോടെ എല്ലാ കാലത്തും ഒരുപോലെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ട അവസ്ഥ വന്നതാണ് ഇടുക്കി പദ്ധതിയെ തകര്‍ത്തത്. 2009 ജൂണ്‍ ആറ് മുതല്‍ ആറു ദിവസം ഇടുക്കി പദ്ധതി ഷട്ട്ഡൗണ്‍ ചെയ്ത് ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ടണല്‍ പരിശോധനയടക്കമുള്ള പ്രധാന ജോലികള്‍ വെട്ടിച്ചുരുക്കി ഭാഗിക അറ്റകുറ്റപ്പണികള്‍ മാത്രമാണ് അന്ന് പൂര്‍ത്തീകരിച്ചത്. ജനറേറ്ററുകള്‍ മാറ്റിസ്ഥാപിക്കുന്നതടക്കം നവീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമായ ഘട്ടത്തിലായിരുന്നു നാമമാത്ര പണികള്‍ നടത്തിയത്. അതിന്റെ തിക്ത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതും. ഈ നില തുടര്‍ന്നാല്‍ കേരളം ഇരുട്ടിലേക്ക് നീങ്ങാന്‍ അധിക നാള്‍ വേണ്ടി വരില്ല.