സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടി: വിദ്യാര്‍ഥി പിടിയില്‍

Posted on: April 23, 2015 11:39 am | Last updated: April 23, 2015 at 11:39 am

നാദാപുരം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി കോം ഫൈനല്‍ പരീക്ഷയില്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാര്‍ഥി പിടിയില്‍. കല്ലാച്ചിയിലെ സ്വകാര്യ കോളജില്‍ സെന്റര്‍ ലഭിച്ച തലശ്ശേരിയിലെ പാരലല്‍ കോളജ് വിദ്യാര്‍ഥിയാണ് പിടിയിലായത്. ബുധനാഴ്ച രാവിലെയാണ് സംഭവം. ബി കോം മൂന്നാം സെമസ്റ്റര്‍ പരീക്ഷക്കിടെ വിദ്യാര്‍ഥി ഇടക്കിടെ വാച്ചില്‍ നോക്കുന്നതില്‍ സംശയം തോന്നിയ അധ്യാപകന്‍ വാച്ച് പരിശോധിക്കുകയായിരുന്നു.പരിശോധനയില്‍ ആപ്പിള്‍ കമ്പനിയുടെ വ്യാജ പേരിലുള്ള ചൈനീസ് കമ്പനിയുടെ വാച്ചില്‍ ഓഡിറ്റ് ടെക്സ്റ്റിലെ 137 ാം പേജിലെ ഉപന്യാസങ്ങള്‍ ഡാറ്റയായി സൂക്ഷിച്ചത് കണ്ടെത്തി. ഒരു ലക്ഷത്തില്‍പരം രേഖകള്‍ ഇത്തരത്തില്‍ വാച്ചില്‍ സൂക്ഷിക്കാം. വിവിധ പേരുകളിലായാണ് ഡാറ്റകള്‍ സൂക്ഷിച്ചത്. ഈ വാച്ചില്‍ ഓഡിയോ സൗകര്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ കോളജിലെ അധ്യാപകനാണ് കോപ്പിയടി പിടിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥിയെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കുകയും കോളജ് പ്രിന്‍സിപ്പല്‍ യൂനിവേഴ്‌സിറ്റി അധികൃതരെ അറിയിക്കുകയും ചെയ്തു.