പ്രധാനാധ്യാപക സ്ഥലംമാറ്റം: മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നടത്തിയത് വിവാദമാകുന്നു

Posted on: April 23, 2015 8:00 am | Last updated: April 24, 2015 at 12:15 am

vacancy list

മലപ്പുറം: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെയും എ ഇ ഒമാരുടെയും പൊതുസ്ഥലംമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമനം നടന്നതായി ആക്ഷേപം. മലപ്പുറം ജില്ലയിലെ രണ്ട് സ്‌കൂളുകളിലെ ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച ഒഴിവുകളിലേക്ക് അപേക്ഷയുടെ സമയപരിധി തീരും മുമ്പ് തന്നെ പിന്‍വാതില്‍ നിയമനം നടത്തിയെന്നാണ് ആക്ഷേപം. തടത്തില്‍പ്പറമ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പട്ടിക്കാട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലുമാണ് ക്രമവിരുദ്ധമായി നിയമനം നടന്നത്. ഈ സ്‌കൂളിലെ ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുകയും ഇതിലേക്ക് അധ്യാപകര്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യുന്നതിനിടക്കാണ് പിന്‍വാതിലിലൂടെ ഒഴിവുകള്‍ നികത്തപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹെഡ്മാസ്റ്റര്‍മാരുടെ ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ച് ട്രാന്‍സ്ഫര്‍ ആന്റ് പോസ്റ്റിംഗ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ മലപ്പുറം ജില്ലയില്‍ 29 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. ഇതനുസരിച്ച് അധ്യാപകര്‍ ട്രാന്‍സ്ഫറിന് അപേക്ഷ സമര്‍പ്പിക്കാനും തുടങ്ങി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒഴിവുകളുടെ പട്ടികയില്‍ നിന്ന് യാതൊരു മുന്നറിയിപ്പും ഇല്ലാതെ തടത്തില്‍പ്പറമ്പ് സ്‌കൂളും പട്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂളും ഒഴിവാക്കപ്പെടുകയായിരുന്നു. ഇതോടെ ഒഴിവുകളുടെ എണ്ണം 27 ആയി ചുരുങ്ങി. ഇതുസംബന്ധിച്ച് ഡി ഡി ഇ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഈ സ്‌കൂളുകളെ ഒഴിവാക്കിയത് എന്ന മറുപടിയാണത്രെ ലഭിച്ചത്. ഇതിന് പിന്നാലെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ 19ന് തൊട്ട് തലേദിവസം ഈ രണ്ട് സ്‌കൂളുകളിലും പ്രധാനാധ്യാപകരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇവ കൂടാതെ മറ്റു ജില്ലകളിലെ ഏഴ് സ്‌കൂളുകളിലും പ്രധാനാധ്യാപക നിയമനം നടന്നിട്ടുണ്ടെന്ന് 18ലെ ഉത്തരവില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഈ ജില്ലകളിലെ പ്രസ്തുത ഒഴിവുകള്‍ നേരത്തെ പ്രസിദ്ധപ്പെടുത്തിയിരുന്നതാണോ എന്നത് സംബന്ധിച്ച് വിവരമില്ല.

circular 1

സ്‌കൂളുകളില്‍ ജൂണ്‍ 30 വരെ ഉണ്ടാകുന്ന ഒഴിവുകള്‍ അതത് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍മാര്‍ നിര്‍ദിഷ്ട വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്നായിരുന്നു മാര്‍ച്ച് 20ന് ഇറങ്ങിയ ഡി പി എെയുടെ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്.  ഇതനുസരിച്ച് മലപ്പുറം ജില്ലയില്‍ നിന്ന് നല്‍കിയ ഒഴിവുകളുടെ പട്ടികയിലാണ് കൈകടത്തല്‍ നടന്നത്. പട്ടിക്കാട് ഗവണ്‍മെന്റ് സ്‌കൂളില്‍ മാര്‍ച്ച് 31ന് തന്നെ പ്രധാനാധ്യാപിക വിരമിച്ചിരുന്നു. തടത്തില്‍പറമ്പ് ഗവണ്‍മെന്റ് സ്‌കൂളില്‍ മെയ് 31ന് വിരമിക്കാനിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഈ രണ്ട് സ്‌കൂളുകളിലെയും ഒഴിവുകള്‍ ഡിഡിഇ അപ്‌ലോഡ് ചെയ്തതും പിന്നീട് പ്രസിദ്ധീകരിച്ചതും.

പ്രധാനാധ്യാപകനായി ജോലിക്കയറ്റം ലഭിക്കുമ്പോള്‍ ഭൂരിഭാഗം പേര്‍ക്കും വിദൂര ജില്ലകളിലാണ് നിയമനം ലഭിക്കാറ്. അതുമൂലം വര്‍ഷങ്ങളായി സ്വന്തം ജില്ലയില്‍ നിന്ന് അകന്ന് ജോലിചെയ്തുവരുന്ന അധ്യാപകര്‍ക്ക് സ്വന്തം ജില്ലയിലേക്ക് മാറിവരാനുള്ള ഏക അവസരമാണ് പൊതുസ്ഥലംമാറ്റം. ഓണ്‍ലൈന്‍ അപേക്ഷയായതിനാല്‍ നിയമനത്തില്‍ സുതാര്യത ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ജനറല്‍ ട്രാന്‍സ്ഫറില്‍ സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പ്രകാരം ഉദ്ദേശിക്കുന്ന സ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിക്കില്ലെന്ന് ഉറപ്പുള്ളവര്‍ നടത്തിയ ശ്രമമാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.