Connect with us

National

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ഭാവി പ്രവര്‍ത്തനത്തിന് ഊര്‍ജം പകരുന്നുവെന്ന് യോഗേന്ദ്ര യാദവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കിയത് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരുന്നുവെന്ന് വിമത നേതാവ് യോഗേന്ദ്ര യാദവ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തായതോടെ സമാധാനം തോന്നുവെന്നും അദ്ദേഹം പറഞ്ഞു.
എ എ പിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ കുറിച്ച് ഇന്നലെ രാവിലെ വാര്‍ത്താ ലേഖകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് യോഗേന്ദ്രയെയും പ്രശാന്ത് ഭൂഷണെയെയും പുറത്താക്കിയതായി എ എ പി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. തങ്ങളെ പുറത്താക്കാന്‍ അര്‍ധരാത്രി തിരഞ്ഞെടുത്തത് എന്തിനെന്ന് യോഗേന്ദ്രയാദവ് ചോദിച്ചു. വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം ദേഷ്യമാണ് തോന്നിയത്. എന്തിന് അവര്‍ അര്‍ധരാത്രി തിരഞ്ഞെടുത്തു. പിന്നീട് തനിക്ക് നിരാശ തോന്നിയെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. നിരാശ വ്യക്തിപരമായ നഷ്ടം ഓര്‍ത്തല്ല, മറിച്ച് ബദല്‍ സ്വപ്‌നം കാത്തുസൂക്ഷിച്ചവരെക്കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
എ എ പി ഖാപ് പഞ്ചായത്തായി മാറിയിരിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ കുറ്റപ്പെടുത്തി. ഒരു ഏകാധിപതിയും കുറച്ച് കൂട്ടാളികളും ചേര്‍ന്ന് ഒരു പ്രസ്ഥാനത്തിന്റെ എല്ലാ സ്വപ്‌നങ്ങളും തല്ലിക്കെടുത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും എ എ പി പുറത്തക്കിയത്. മറ്റു വിമത നേതാക്കളായ ആനന്ത് കുമാര്‍, അജിത് ഝാ എന്നിവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
പുറത്താക്കുന്നതിന് മുന്നോടിയായി ഇരുവര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. മറുപടി കുറിപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളായ ആശിഷ് ഖേതാനടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് ഭൂഷണ്‍ ഉന്നയിച്ചത്.
അച്ചടക്കം ലംഘിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ ആം ആദ്മി പാര്‍ട്ടി അച്ചടക്ക സമിതിക്കെതിരെയും പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയിരുന്നു. യോഗേന്ദ്ര യാദവിന്റെ മറുപടിക്കത്തിലും സമാനമായ വിമര്‍ശങ്ങളാണ് ഉണ്ടായിരുന്നത്.