കര്‍ഷകത്തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് വേതനം ഗുജറാത്തില്‍

Posted on: April 20, 2015 4:27 am | Last updated: April 19, 2015 at 11:27 pm

Indian-farmer-Rajen-Bordo-007അഹമ്മദാബാദ്: ഗുജറാത്തിന്റെ വികസന മാതൃക അന്താരാഷ്ട്ര വേദികളില്‍ പോലും ചര്‍ച്ചാ വിഷയമാണെങ്കിലും രാജ്യത്ത് ഏറ്റവും കുറവ് വേതനം ലഭിക്കുന്നത് സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളികള്‍ക്ക്. സംസ്ഥാനത്തിന്റെ ഗ്രാമീണ സമ്പദ്ഘടനയുടെ നട്ടെല്ലായ കര്‍ഷകത്തൊഴിലാളികള്‍ക്കാണ് ഈ ഗതി. ഏറ്റവും കുറവ് വേതനമുള്ള 20 സംസ്ഥാനങ്ങളുടെ പട്ടികയിലാണ് ഗുജറാത്തിന്റെ സ്ഥാനം. ഗുജറാത്തിനേക്കാള്‍ കുറവ് വേതനം മധ്യപ്രദേശില്‍ മാത്രമേയുള്ളൂ.
കേന്ദ്ര സര്‍ക്കാറിന്റെ ലേബര്‍ ബ്യൂറോയുടെ കണക്ക് പ്രകാരം ഗുജറാത്തിലെ കര്‍ഷകത്തൊഴിലാളിക്ക് ലഭിക്കുന്ന ദിവസ വേതനം വെറും 169.32 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം വേതനത്തിന് താഴെയാണ് ഇത്. കര്‍ഷകത്തൊഴിലാളിക്ക് ലഭിക്കുന്ന യഥാര്‍ഥ വേതനം അടിസ്ഥാനമാക്കിയാണ് ലേബര്‍ ബ്യൂറോ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിദഗ്ധ തൊഴിലാളികള്‍ക്ക് ഗുജറാത്തില്‍ മിനിമം വേതനം 293-284 രൂപയും അവിദഗ്ധ തൊഴിലാളികള്‍ക്ക് 276-268 രൂപയുമാണ്. കാര്‍ഷികേതര മേഖലയിലെ അവിദഗ്ധ തൊഴിലാളികള്‍ക്ക് ശരാശരി ദിവസവേതനം 190.53 രൂപയാണ്. ഇതാകട്ടെ മധ്യപ്രദേശിനേക്കാളും ഒഡീഷയേക്കാളും മാത്രം മെച്ചപ്പെട്ടത്.
കേരളത്തിലാണ് കര്‍ഷകത്തൊഴിലാളികളുടെ ദിവസ വേതനത്തില്‍ വളര്‍ച്ചയുള്ളത്. 582.38 രൂപയാണ് ദിവസവേതനം. ജമ്മു കാശ്മീര്‍, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നില്‍. നിലമുഴുകല്‍, വിതക്കല്‍, കൊയ്ത്ത് തുടങ്ങിയ വിദഗ്ധ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഗുജറാത്തില്‍ ലഭിക്കുന്ന ശരാശരി ദിവസ വേതനം 178- 212 രൂപയാണ്. ഇത് രാജ്യത്തെ ഏറ്റവും മോശം വേതനമാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലാളികളുടെ ചോദന വിതരണത്തിന്റെയും അടിസ്ഥാനത്തിലാണ് ദിവസവേതനം തയ്യാറാക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗ്രാമീണ മേഖലകളില്‍ കര്‍ഷകത്തൊഴിലാളികളുടെയും മറ്റുള്ളവരുടെയും വേതനം തീരുമാനിക്കാന്‍ വിവിധ മാനദണ്ഡങ്ങളുണ്ട്. ഗുജറാത്തിലെ ഗ്രാമീണ മേഖലയിലെ പ്രത്യേകിച്ചും കാര്‍ഷികരംഗത്തെ വേതനം എപ്പോഴും കുറവാണെന്ന് സാമ്പത്തിക വിദഗ്ധന്‍ ജ്ഞാന്‍ശ്യാം ഷാ പറയുന്നു. കര്‍ഷകത്തൊഴിലാളികള്‍ സംഘടിതരല്ലാത്തതാണ് പ്രധാന പ്രശ്‌നം. കുടിയേറ്റ തൊഴിലാളികളുടെ തള്ളിക്കയറ്റവും പ്രധാന പ്രശ്‌നമാണെന്ന് ഷാ ചൂണ്ടിക്കാട്ടുന്നു.