കൊല്ലം- ആനക്കുളം റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കണമെന്നാവശ്യം ശക്തം

Posted on: April 18, 2015 11:52 am | Last updated: April 18, 2015 at 11:52 am

കൊയിലാണ്ടി: രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ദേശീയ പാതയിലെ കൊല്ലം, ആനക്കുളം എന്നിവിടങ്ങളില്‍ റെയില്‍വേ ഗേറ്റുകള്‍ ഒഴിവാക്കി മേല്‍പ്പാലം പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെയുള്ള രണ്ട് റെയില്‍വേ ഗേറ്റുകളും സദാസമയവും അടച്ചിടുന്നതിനാല്‍ കൊല്ലം അങ്ങാടിയിലും ആനക്കുളത്തും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് ദേശീയ പാതയിലും ഗതാഗത സ്തംഭിക്കാന്‍ ഇടയാക്കുന്നു. കൊയിലാണ്ടി- നെല്യാടിക്കടവ്- മേപ്പയൂര്‍ റൂട്ടിലാണ് കൊല്ലം റെയില്‍വേ ഗേറ്റുള്ളത്. നല്ല തിരക്കുളള റോഡാണിത്. മാത്രമല്ല കൊയിലാണ്ടി എസ് എന്‍ ഡി പി യോഗം കോളജ് ഇതിന് സമീപത്താണ്. കൊയിലാണ്ടി- മുചുകുന്ന് റോഡിലാണ് ആനക്കുളം റെയില്‍വേ ഗേറ്റ് സ്ഥിതി ചെയ്യുന്നത്. മുചുകുന്ന്, പുറക്കാട് ഭാഗത്തേക്ക് ഇതു വഴിയാണ് പോകുക. മാത്രവുമല്ല അകലാപ്പുഴക്ക് കുറുകെ പാലം നിര്‍മിക്കാനും നീക്കമുണ്ട്. അകലാപ്പുഴ പാലം വന്നാല്‍ ആനക്കുളത്തു നിന്ന് കണ്ണൂര്‍ ജില്ലയിലേക്കുള്ള ബദല്‍ പാതയും യാഥാര്‍ഥ്യമാകും. കൊയിലാണ്ടി ഗവ. കോളജും മുചുകുന്നിലാണ്. ആനക്കുളത്തെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നത് കാരണം മുചുകുന്ന് കോളജിലേക്കുളള വിദ്യാര്‍ഥികളും യാത്രാ ദുരിതമനുഭവിക്കുന്നുണ്ട്. ആനക്കുളത്തും കൊല്ലത്തുമുളള റെയില്‍വേ ഗേറ്റകള്‍ ഒഴിവാക്കി രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നത് സാമ്പത്തിക ചെലവ് കൂട്ടും. പകരമായി രണ്ട് പ്രദേശങ്ങളിലൂടെയും കടന്നു പോകുന്ന റോഡുകളെ ബന്ധിപ്പിച്ച് ഒരു മേല്‍പ്പാലം നിര്‍മിക്കുന്നതാകും അഭികാമ്യം. ഇത്തരമൊരു പദ്ധതി കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍(ആര്‍ ബി ഡി സി) നേരത്തെ തന്നെ ആലോചിച്ചതാണ്. ഇവിടെ മേല്‍പ്പാലം വന്നാല്‍ കൊല്ലം ടൗണിലെയും ആനക്കുളത്തെയും ഗതാഗത സ്തംഭനത്തിന് പരിഹാരമാകും. മേല്‍പ്പാലം നിര്‍മിക്കുന്നതു സംബന്ധിച്ച അധികൃതരില്‍ സമ്മര്‍ദമുയര്‍ത്താന്‍ കെ ദാസന്‍ എം എല്‍ എ യുടെയും നഗരസഭാധ്യക്ഷ കെ ശാന്തയുടെയും നേതൃത്വത്തില്‍ ജനകീയ സമിതി രൂപവത്കരിച്ചിട്ടുണ്ട്. എന്നാല്‍ ജനകീയ സമിതിയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് ആക്ഷേപമുണ്ട്.