Connect with us

National

നേതാജി: കൊല്‍ക്കത്തയിലെ രഹസ്യ ലോക്കറില്‍ 64 രേഖകള്‍

Published

|

Last Updated

കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ കൊല്‍ക്കത്തയിലെ രഹസ്യ സെല്ലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. 1947നും 1968നും ഇടയില്‍ നേതാജിയുടെ കുടുംബാംഗങ്ങളെ സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചതടക്കമുള്ള 64 ഫയലകുള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഇപ്പോഴും രഹസ്യമായി സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് നേതാജിയുടെ ചെറുമകന്‍ അഭിജിത് റായ് രംഗത്തെത്തി.
കഴിഞ്ഞയാഴ്ച വന്‍ വിവാദമുണ്ടാക്കിയ വിഷയങ്ങള്‍ അടങ്ങിയ രണ്ട് ഫയലുകള്‍ ലോര്‍ഡ് സിന്‍ഹ റോഡിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പുറമെ അവിടെ 62 ഫയലുകള്‍ കൂടിയുണ്ട്. ഇത് പശ്ചിമ ബംഗാള്‍ ആഭ്യന്തര വകുപ്പ് പുറത്തുവിടണമെന്നും അഭിജിത് റായ് പറഞ്ഞു. ആധുനിക ഇന്ത്യാ ചരിത്രത്തിന്റെ വലിയൊരു വഴിത്തിരിവാകും നേതാജിയെ സംബന്ധിച്ച രഹസ്യരേഖകളെന്ന് വിശേഷിപ്പിച്ച ഗവേഷകന്‍ അനൂജ് ധറും ഈ 64 ഫയലുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖര്‍ജി കമ്മീഷന്റെ തത്സ്ഥിതി റിപ്പോര്‍ട്ടില്‍ ഈ ഫയലുകളെ സംബന്ധിച്ച സൂചനയുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച പുറത്തായ രേഖകള്‍ ഈ ഫയലുകളുടെ ഫോട്ടോകോപ്പികളാണെന്നും ധര്‍ പറഞ്ഞു. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വേര്‍തിരിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യാസ് സ്‌മൈല്‍ എന്ന എന്‍ ജി ഒ കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജിയിലും ഈ ഫയലുകളെ സംബന്ധിച്ച് പരാമര്‍ശമുണ്ട്. എന്നാല്‍ ഇത് സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നും ഹരജിയില്‍ പറഞ്ഞിരുന്നു.
നേതാജിയെ സംബന്ധിച്ച ഒരു രഹസ്യ ഫയലില്ലെന്നും അവ നേരത്തെ വേര്‍തിരിച്ചിട്ടുണ്ടെന്നും കാണിച്ച് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 25ന് വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞ് മാര്‍ച്ച് 24ന് ആഭ്യന്തര വകുപ്പ്, നബന്നയിലെ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ബ്രാഞ്ചിന് അയച്ച കത്തില്‍ രഹസ്യ ലോക്കറില്‍ നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഇത് വ്യക്തമാക്കുന്നത് ലോര്‍ഡ് സിന്‍ഹ റോഡിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ ഈ ഫയലുകള്‍ ഉണ്ടെന്നാണെന്നും വര്‍ഷങ്ങളായി സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നെന്നും എന്‍ ജി ഒയുടെ നേതാവ് രാജീവ് സര്‍കാര്‍ പറഞ്ഞു.
സര്‍ക്കാറിന്റെ മൗനത്തില്‍ വളരെ ഈര്‍ഷ്യയോടെയാണ് നേതാജിയുടെ ചെറുമകന്‍ ചന്ദ്ര ബോസ് പ്രതികരിച്ചത്. നേതാജിയുടെ മറ്റൊരു ബന്ധുവായ സൂര്യ ബോസുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ജര്‍മനിയില്‍ തിരക്കിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായി. ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലുമായി നിശ്ചയിച്ച കൂടിക്കാഴ്ചക്കിടെയായിരുന്നു ആ കണ്ടുമുട്ടല്‍. എന്നാല്‍ ഈ വിവാദ വിഷയത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പോലും സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സമയമില്ലെന്ന് ചന്ദ്രബോസ് പറഞ്ഞു. വേര്‍തിരിച്ച ഫയലുകളാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും സൂക്ഷിക്കുന്നുവെന്നതില്‍ അതൃപ്തിയുണ്ടെന്ന് നേതാജിയുടെ ബന്ധു ചിത്ര ഘോഷ് പറഞ്ഞു.