Connect with us

Kerala

കാനന സംഗമത്തിന് കനകക്കുന്ന് ഒരുങ്ങുന്നു

Published

|

Last Updated

തിരുവനന്തപുരം: വനംവകുപ്പ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വനാശ്രിതര്‍ക്കായി സംഘടിപ്പിക്കുന്ന കാനന സംഗമം2015 മേള 17 മുതല്‍ 22 വരെ തിരുവനന്തപുരത്ത് നടക്കും. കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനവാസി സമൂഹങ്ങളുടെ കൂട്ടായ്മയായ വനം സംരക്ഷണ സമിതികള്‍, ഇക്കോ ഡെലപ്‌മെന്റ് കമ്മിറ്റികള്‍ എന്നിവയുടെ നേതൃത്വത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വനാശ്രിതര്‍ ചേര്‍ന്നാണ് മേളയൊരുക്കുന്നത്. 18 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കും.
വനശ്രീ ഉത്പന്നങ്ങളുടെ വിപണന മേള, വിവിധ മേഖലകളില്‍ നിന്നുള്ള കാട്ടുതേന്‍ ഉള്‍പ്പെടുത്തി ഹണിമേള, വനത്തില്‍ നിന്നും ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തി പരമ്പരാഗത രുചിക്കൂട്ടുകളുടെ ഭക്ഷ്യമേള, വനയാത്രാനുഭവം പ്രദാനം ചെയ്യുന്ന വനവിസ്മയ പ്രദര്‍ശനം, ആദിവാസി കല, സംസ്‌കാരം, കരകൗശലം എന്നിവയുടെ പ്രദര്‍ശനം തുടങ്ങി പശ്ചിമഘട്ട വനമേഖലയുടെ ജൈവവൈവിധ്യത്തോടൊപ്പം വനവാസി സമൂഹത്തിന്റെ സാംസ്‌കാരിക വൈവിധ്യവും വെളിവാക്കുന്ന പ്രദര്‍ശനമാണ് ഒരുക്കുന്നത്. ആദിവാസികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഇത്തരത്തില്‍ പരിപാടി സംസ്ഥാനത്ത് ആദ്യമായാണ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആദിവാസികളുടെ പ്രത്യേക കായിക നൈപുണ്യം വിളിച്ചോതുന്ന അമ്പെയ്ത്ത് വിദ്യയുടെ പ്രദര്‍ശന മത്സരവും മേളയോടൊപ്പം സംഘടിപ്പിക്കും. ഉദ്ഘാടന ചടങ്ങിനെ തുടര്‍ന്ന് സൂര്യാകൃഷ്ണ മൂര്‍ത്തി അവതരിപ്പിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെ 350 കലാകാരന്മാരുടെ നൃത്ത പരിപാടിയും മേളയുടെ അവസാനം ദിവസംവരെ വൈകിട്ട് വിവിധ ആദിവാസി സംഘങ്ങളുടെ കലാമേളയും വ്യത്യസ്തമായ കലാനുഭവമായിരിക്കും സമ്മാനിക്കുക. 19ന് വനവികാസ ഏജന്‍സികളുടെ അംഗങ്ങള്‍ പങ്കെടുക്കുന്ന ഘോഷയാത്ര ടാഗോര്‍ തിയേറ്ററില്‍ നിന്നും തുടങ്ങി കനകക്കുന്നില്‍ അവസാനിക്കും. തുടര്‍ന്ന് സിനിമാതാരം ജയറാമും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം നിശാഗന്ധിയില്‍ അരങ്ങേറും. ഗോപിനാഥ് മുതുകാടിന്റെ കാനന വിസ്മയാധിഷ്ഠിത ഇന്ദ്രജാലം 21ന് നിശാഗന്ധിയില്‍ നടക്കും. വനം, വന്യജീവികള്‍, വനവാസികള്‍, അമൂല്യങ്ങളായ വനഉത്പന്നങ്ങള്‍ തുടങ്ങി കാനന സംസ്‌കാരം ആകമാനം അവതരിക്കപ്പെടുന്നതാണ് കാനന സംഗമം. വനത്തിനുള്ളിലെ ആദിവാസികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഊരിനുണര്‍വ് കാടിനുണര്‍വ് പദ്ധതി മന്ത്രി കെ എം മാണിയും ഊരുമിത്ര പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി എസ് ശിവകുമാറും കാനനസംഗമം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി മഞ്ഞളാംകുഴി അലിയും നിര്‍വഹിക്കും. വനവികാസ ഏജന്‍സികളുടെ സംസ്ഥാനതല യോഗം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 19ന് വൈകിട്ട് അഞ്ചിന് മന്ത്രി പി കെ ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേരും. മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 22ന് 6.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. വിവിധ വന വികാസ ഏജന്‍സികള്‍ക്കുള്ള അവാര്‍ഡുകള്‍ മന്ത്രി എ പി അനില്‍കുമാര്‍ വിതരണം ചെയ്യും. രണ്ട് കോടി ചെലവഴിച്ചാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

Latest