Connect with us

Kerala

ചീഫ് സെക്രട്ടറിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണം: ഗവണ്‍മെന്റ് കോണ്‍ട്രോക്‌റ്റേഴ്‌സ്

Published

|

Last Updated

കൊച്ചി: രാജ്ഭവനും മന്‍മോഹന്‍ ബംഗ്ലാവിനും സമീപത്തെ അമ്പത് കോടി വരുന്ന സ്ഥലവും നാഷണല്‍ ഗെയിംസ് ഓഫീസായി പ്രവര്‍ത്തിച്ച കെട്ടിടവും ഐ എ എസുകാരുടെ ക്ലബാക്കി മാറ്റാനുള്ള ചീഫ് സെക്രട്ടറിയുടെ ശ്രമത്തിനെതിരെ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഗവണ്‍മെന്റ് കോണ്‍ട്രോക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. സര്‍ക്കാരിന്റെ രണ്ട് കോടി മുടക്കി പണിത താല്‍ക്കാലിക വസതി ഐ എ എസ് ക്ലബാക്കി മാറ്റാനുള്ള ശ്രമമാണ് ചീഫ് സെക്രട്ടറി നടത്തുന്നതെന്ന് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച തെളിവുകള്‍ 16ന് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും നല്‍കും.
തിരുവനന്തപുരം ഗോള്‍ഫ് അക്കാദമിക്ക് സമീപം ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വസതിയുടെ നിര്‍മാണം മുടങ്ങിയത് കുടിശിക നല്‍കാത്തതിനാലാണ്. 1.9 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചിട്ടും കരാറുകാരന് ഒരു രൂപ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് കരാറുകാര്‍ നിര്‍മാണം നിര്‍ത്തിയത്. ഇത് മറയാക്കിയാണ് ചീഫ് സെക്രട്ടറി ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നും അവര്‍ കുറ്റപ്പെടുത്തി.—സര്‍ക്കാര്‍ കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശികയുടെ പലിശയിനത്തില്‍ മാത്രം പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള 3000 കോടി രൂപയുടെ കുടിശിക ബില്ലുകളുടെ പലിശയിനത്തിലാണ് ഈ നഷ്ടം. പ്രവര്‍ത്തന മൂലധനം സര്‍ക്കാര്‍ പിടിച്ച് വച്ചിരിക്കുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കാനോ പുതിയവ ഏറ്റെടുക്കാനോ സാധികാത്ത അവസ്ഥയിലാണ്. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ജില്ലാ പ്രസിഡന്റ് കെ—ഡി ജോര്‍ജ്, സെക്രട്ടറി കെ—എ ജര്‍സണ്‍, കെ—എസ് പരീത്, ട്രഷറര്‍ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Latest