ജനറല്‍ ശൈഖ് മുഹമ്മദ് സഊദി രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി

Posted on: April 14, 2015 6:12 pm | Last updated: April 14, 2015 at 6:12 pm

1794027889അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സഊദി ഉപ കിരീടാവകാശിയും രണ്ടാമത്തെ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദമാണ് മുഖ്യ ചര്‍ച്ചാവിഷയമായത്. സഊദി അറേബ്യയിലായിരുന്നു കൂടിക്കാഴ്ച. യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപ ഉപദേശകന്‍ ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, പ്രസിഡന്‍ഷ്യല്‍ കാര്യ സഹമന്ത്രി അഹ്മദ് ജുമ അല്‍ സഅബി, അബുദാബി എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖല്‍ദൂന്‍ ഖലീഫ അല്‍ മുബാറക്, യു എ ഇ സായുധ സേനാ ഉപമേധാവിയുടെ ഉപദേശകന്‍ ലഫ്. ജനറല്‍ ജുമ അഹ്മദ് അല്‍ ബവാര്‍ദി, സഊദിയിലെ യു എ ഇ സ്ഥാനപതി മുഹമ്മദ് സഈദ് മുഹമ്മദ് അല്‍ ദാഹിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.

സഊദി പ്രതിരോധ മന്ത്രിയും റോയല്‍ കോര്‍ട്ട് പ്രസിഡന്റും ഇരു വിശുദ്ധ മസ്ജിദുകളുടെയും സൂക്ഷിപ്പുകാരന്റെ ഉപദേശകനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, സഹമന്ത്രിയും ക്യാബിനറ്റ് അംഗവുമായ ഡോ. മുസായിദ് ബിന്‍ മുഹമ്മദ് അല്‍ അബ്‌യാനും സഊദി സംഘത്തിലുണ്ടായിരുന്നു.
ജനറല്‍ ശൈഖ് മുഹമ്മദ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയയുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും വിഷയമായി.