Connect with us

Kerala

ആറന്മുള: കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ശന നിലപാടുമായി ആര്‍ എസ് എസ്

Published

|

Last Updated

തിരുവനന്തപുരം: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ കര്‍ശന നിലപാടുമായി ആര്‍ എസ് എസ് കേരള ഘടം പരസ്യമായി രംഗത്ത്. പദ്ധതിക്ക് അനുമതി നല്‍കരുതെന്നും അനുമതി നല്‍കിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ആര്‍ എസ് എസ് മുന്നറിയിപ്പ് നല്‍കുന്നു.

ആര്‍ എസ് എസിന്റെ ഈ നീക്കത്തിന്റെ ഭാഗമായി ഇക്കാര്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലേക്ക് പോകും. ഈ മാസം 16ന് അദ്ദേഹം കേന്ദ്ര മന്ത്രിമാരെ നേരിട്ട് കണ്ട് ആറന്മുള വിമാനത്താവള പദ്ധതിയുമായ ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യും. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, സഹമന്ത്രി മഹേഷ് ശര്‍മ എന്നിവരെയാണ് കാണുക. വിമാനത്താവളത്തിന് അനുമതി നല്‍കിയാല്‍ സമരമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കും. ഇനി ഈ വിഷയത്തില്‍ ചര്‍ച്ചക്കില്ലെന്നും കേന്ദ്രത്തെ അറിയിക്കും. ആറന്മുളയിലെ വിമാനത്തവളവുമായി ബന്ധപ്പെട്ട് വഴിവിട്ട നീക്കങ്ങള്‍ നടക്കുന്നെന്ന സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സമരസമിതി നിയമ നടപടികള്‍ക്ക് തയാറെടുക്കുന്നത്. സി എ ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് സമിതിയുടെ ആവശ്യം. കെ ജി എസും സര്‍ക്കാരും നടത്തിയ നിയമ വിരുദ്ധ നടപടികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടതിലും നടപടിയില്ലെന്നാണ് മാര്‍ച്ചില്‍ പുറത്തുവന്ന സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശം.
ആര്‍ എസ് എസ് നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് കമ്മനം രാജശേഖരന്‍ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുന്‍നിരയിലെത്തിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് യു പി എ സര്‍ക്കാറിന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ക്കെതിരെ സമരത്തിലും സംഘപരിവാര്‍ നേരിട്ട് ഇടപെട്ടിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ ബി ജെ പിയുടെ പ്രധാന പ്രചാരണ വിഷയവും ആറന്മുളയായിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി കെ ജി എസിന് അനുകൂലമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചത് കേരളത്തില്‍ ബി ജെ പിയെയും സംഘ്പരിവാറിനെയും പ്രതിരോധത്തിലാക്കിയിരുന്നു.
വ്യോമയാന മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍ പദ്ധതിയെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തിനെതിരെ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ പരസ്യ നിലപാടുമായി സംഘ്പരിവാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായാണ് ആര്‍ എസ് എസ് കേരള ഘടകത്തിന്റെ എതിര്‍പ്പ് അറിയിക്കാന്‍ ഹിന്ദുഐക്യവേദി നേതാവിന്റെ ഡല്‍ഹി ഉദ്യമം.
അതേസമയം ബി ജെ പിയിലെ ചില സംസ്ഥാന നേതാക്കള്‍ വിമാനത്താവളത്തിന് അനുകൂലമായി ചരടുവലി നടത്തുന്നുവെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.