Connect with us

Gulf

ചെടികള്‍ക്കും മരങ്ങള്‍ക്കുമായി ജീവിക്കുന്ന സ്വദേശി യുവാവ് ശ്രദ്ധേയനാവുന്നു

Published

|

Last Updated

അജ്മാന്‍; സ്വദേശി യുവാവ് അഹ്മദ് അല്‍ മസ്‌റൂഇയെ വ്യത്യസ്തനാക്കുന്നത് ചെടികള്‍ക്കും മരങ്ങള്‍ക്കുമായി അദ്ദേഹം ജീവിതം മാറ്റിവെക്കുന്നതിനാലാണ്. മണ്ണും പൊടിയും ചളിയും പുരളാത്ത ശരീരവുമായി കഴിയണമെന്ന ആഗ്രഹമുള്ളയാളല്ല അല്‍ മസ്‌റൂഇ. ചെടികളെയും മരങ്ങളെയും പരിപാലിക്കാനായി ജീവിതം ഉഴിഞ്ഞു വെച്ചിരിക്കുന്നതിനാല്‍ ആ കൈകള്‍ എപ്പോഴും മണ്ണും ചെളിയും പറ്റിയ നിലയിലാവും. ഒഴിവു വേളകളിലും ആഭ്യന്തര മന്ത്രാലയത്തിലെ ജോലിയുടെ ഇടവേളകളിലുമെല്ലാം അല്‍ ഹിലിവിലെ തന്റെ നേഴ്‌സറിയിലാവും ഈ യുവാവ്. താന്‍ പരിപാലിക്കുന്ന ഏതെങ്കിലും ഒരു ചെടിയുടെ നിറമൊന്നു മാറിയാല്‍ അഹ്മദിന് സഹിക്കാനാവില്ല.

കഠിനമായ കാലാവസ്ഥയെ അതിജീവിക്കാന്‍ സാധിക്കുന്ന ചെടികളും മരങ്ങളുമാണ് ഈ യുവാവിന് ഏറെ പ്രിയം. തെക്കേ ആഫ്രിക്ക, ആസ്‌ട്രേലിയ, ക്യൂബ, സുഡാന്‍, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ചെടികളാണ് അഹ്മദിന്റെ നഴ്‌സറിയെ വേറിട്ടതാക്കുന്നത്.
തനിക്ക് ലഭിക്കുന്ന ചെടികളെക്കുറിച്ച് കൃഷിയില്‍ താല്‍പര്യമുള്ളവരുമായി ഇന്റര്‍നെറ്റിന്റെ സഹായത്തോടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇദ്ദേഹത്തിന് സന്തോഷമേയുള്ളു. പുതിയ ചെടികളെക്കുറിച്ച് അറിയാനും ഇന്റര്‍നെറ്റ് തന്നെയാണ് ശരണം. കൃഷി വികാരമായി കൊണ്ടുനടക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളും അഹ്മദിനുണ്ട്. സുഡാനില്‍ വളരുന്ന ബൊറാസസ് എയിത്തിയോപ്പം എന്ന ചെടിയുടെ വിത്ത് ഒരിക്കല്‍ തനിക്ക് ലഭിച്ച കഥ അദ്ദേഹം വിശദീകരിച്ചു. വിത്തിട്ട് ചെടി വളര്‍ന്നപ്പോള്‍ സുഹൃത്തുക്കളായ കര്‍ഷകര്‍ അല്‍ഭുതപ്പെട്ടു. കാരണം സ്വദേശമായ സുഡാനില്‍പ്പോലും ഈ ചെടിയെ വളര്‍ത്തുന്നവര്‍ ഇന്ന് ചുരുക്കമാണ്. ഇതിനെ നട്ട് പരിപാലിക്കുക ഏറെ ശ്രമകരമായതാണ് ഇതിന് കാരണം.
അല്‍ ജുര്‍ഫില്‍ താമസിക്കുന്ന അല്‍ മസ്‌റൂഇ അലങ്കാരത്തിനായി ഉപയോഗിക്കുന്ന ചെടികളും മരങ്ങളും വില്‍പന നടത്തുന്ന ഒരു കടയും വിജയകരമായി നടത്തിക്കൊണ്ടുപോകുന്നുണ്ട്. രാജ്യത്തുള്ളവരില്‍ മിക്കവരും പഴവര്‍ഗങ്ങള്‍ നട്ടുവളര്‍ത്താനാണ് താല്‍പര്യപ്പെടുന്നത്. അവരില്‍ നിന്നു വ്യത്യസ്തനായ കര്‍ഷകനാവണമെന്ന മോഹമാണ് നേഴ്‌സറി തുടങ്ങുന്നതിന് പ്രചോദനമായതെന്നും അദ്ദേഹം പറഞ്ഞു.

Latest