ആന്ധ്രാ ‘ഏറ്റുമുട്ടല്‍’: കൊലപാതക കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: April 11, 2015 4:49 am | Last updated: April 10, 2015 at 11:50 pm

hydrabad encounter2ചെന്നൈ: ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വനം കൊള്ളക്കാരെന്ന് ആരോപിച്ച് 20 പേരെ വെടിവച്ച് കൊന്ന സംഭവത്തില്‍ കൊലപാതക കേസെടുക്കാന്‍ ഹൈദരാബാദ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് കല്യാണ്‍ ജ്യാതി സെന്‍ഗുപ്ത ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്. സംഭവത്തില്‍ വിശ്വാസയോഗ്യമായ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഐ പി സി 302 വകുപ്പ് പ്രകാരം എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി ആരാഞ്ഞു. തിങ്കളാഴ്ച കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഹാജരാക്കണമെന്നും സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് കൊലപാതക കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത്.
കൊല്ലപ്പെട്ടവര്‍ ചന്ദനക്കടത്തുകാരാണെങ്കില്‍ അവരെ അറസ്റ്റ് ചെയ്യുന്നതിന് പകരം എന്തിന് കൊലപ്പെടുത്തിയെന്ന് ഹരജിക്കാര്‍ ആരാഞ്ഞു. സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ചിലക ചന്ദ്രശേഖറുള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചത്. സംഭവത്തില്‍ ആന്ധ്രാസര്‍ക്കാര്‍ ഇതിനകം തന്നെ മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ട കാര്യം അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ ഡി ശ്രീനിവാസ് ചൂണ്ടിക്കാട്ടി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് ഹൈദരാബാദ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.
ചെവ്വാഴ്ച പുലര്‍ച്ചെയാണ് രക്ത ചന്ദനം കടത്തുകാരെന്ന് ആരോപിച്ച് 20 പേരെ ആന്ധ്ര പോലീസ് വെടിവച്ച് കൊന്നത്. പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരിച്ച് വെടിയുതിര്‍ത്തുവെന്നാണ് പോലീസ് ഭാഷ്യം.
എന്നാല്‍ ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്ക് പരുക്കേല്‍ക്കാത്തതും പോലീസിന്റെ വിശദീകരണത്തിലെ വ്യക്തതയില്ലായ്മയും വ്യാജ ഏറ്റുമുട്ടലെന്ന സംശയം ബലപ്പെടുത്തുന്നു. കൊല്ലപ്പെട്ട 20 പേരില്‍ ഏഴ് പേരെ ഒരു ദിവസം മുമ്പ് കസ്റ്റഡിയില്‍ എടുത്തിരുന്നതായും ഏറ്റുമുട്ടല്‍ വ്യാജമാണെന്നും സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ വെളിപ്പെടുത്തിയിരുന്നു.