വിഷുവെത്തി: പടക്ക വിപണി സജീവം

Posted on: April 10, 2015 9:52 am | Last updated: April 10, 2015 at 9:52 am

കോഴിക്കോട്: വിളവെടുപ്പ് ഉത്സമായ വിഷു എത്തിയതോടെ പടക്ക വിപണി ഉയര്‍ന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും ചൈനീസ് പടക്കങ്ങളാണ് വിപണി കയ്യടക്കിയിരിക്കുന്നത്. എങ്കിലും ഓലപ്പടക്കങ്ങള്‍ അടക്കമുള്ള പരമ്പരാഗത പടക്കങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണെന്ന് കച്ചവടക്കാര്‍ പറയുന്നു.
വലിയ ശബ്ദങ്ങള്‍ ഇല്ലാതെ വര്‍ണങ്ങള്‍ വിരിയിക്കുന്ന പുതുതലമുള പടക്കങ്ങള്‍ക്കാണ് വിപണിയില്‍ പ്രിയം. ജില്ലയിലെ ചെറുകിട പടക്കക്കച്ചവടക്കാര്‍ക്ക് വ്യാപാരത്തിനുള്ള ലൈസന്‍സ് പുതുക്കിക്കിട്ടുന്നതിന് ഇത്തവണ ഏറെ താമസം നേരിട്ടിരുന്നു. എങ്കിലും പടക്കവിപണിയെ അതൊന്നും ബാധിച്ചില്ലെന്ന് ആവശ്യക്കാരെ ചൂണ്ടിക്കാട്ടി വ്യാപാരികള്‍ പറയുന്നു.
ഏറെ നേരം ആകാശത്ത് വര്‍ണം വിതറുന്ന ഡാര്‍ക്ക് ഫാന്റസിയാണ് ഈ വര്‍ഷത്തെ ശ്രദ്ധേയം. 3600 രൂപയാണ് ഇതിന്റെ വില. കൂടുതല്‍ സമയം കത്തുന്ന ഭീമന്‍ പൂക്കുറ്റിയായ മഹാരാജാസ്, പല നിറങ്ങളില്‍ കത്തുന്ന ഹൈടെക്ക് കാന്റില്‍, ത്രീ കളര്‍ ഫൗണ്ടേഷന്‍, റൊമാന്റിക് വീല്‍, ഗ്രീന്‍ ബീസ്, കളര്‍ ചേഞ്ചിംഗ് ബട്ടര്‍ഫ്‌ളൈ, കോക്കനറ്റ് ക്രാക്കര്‍, ഡ്രാഗണ്‍ ബബിള്‍, ക്രിസ്മസ് ട്രീ പോലെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന റെയില്‍ഷവര്‍, പച്ചയും ചുവപ്പും ചേര്‍ന്ന നിറങ്ങളില്‍ കത്തിക്കയറുന്ന ഗ്രീന്‍ ബ്ലാസ്റ്റര്‍, റെഡ് സോന, ഹൈ സോന എന്നിവയെല്ലാം ഇത്തവണ വിപണിയില്‍ പുതുതായി ഇടം പിടിച്ച ചൈനീസ് പടക്കങ്ങളാണ്. ഹൈ സോനക്കും റെഡ് സോനക്കുമെല്ലാം 250 രൂപയാണ് വില. റെയിന്‍ഷവറിന് 270 രൂപയും, ഗ്രീന്‍ ബ്ലാസ്റ്ററിന് 580 രൂപയും, മഹാരാജാസിന് 400 രൂപയും, ഹെടെക് കാന്റിലിന് 350 രൂപയും, ത്രീ കളര്‍ ഫൗണ്ടേഷന് 320 രൂപയുമാണ് വില.
ചൈനീസ് പടക്കങ്ങള്‍ എന്നാണ് പേരെങ്കിലും ഇവയൊന്നും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതല്ല. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ പടക്കങ്ങള്‍ എത്തുന്ന തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നാണ് ഇവ കോഴിക്കോടും എത്തിച്ചിരിക്കുന്നത്. വിഷുവിപണിയില്‍ സ്ഥിര സാന്നിദ്ധ്യങ്ങളായ കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, പൂക്കുറ്റി, നിലചക്രം, തുടങ്ങിയവയിലും ഇത്തവണ പുതിയ പരീക്ഷങ്ങള്‍ ഉല്‍പാദകര്‍ കൊണ്ടുവന്നിട്ടുണ്ട്. 10 രൂപ മുതല്‍ 250 രൂപ വരെയാണ് കമ്പിത്തിരിയുടെ വില. മത്താപ്പിന്റെ വില പത്ത് രൂപയിലാണ് തുടങ്ങുന്നത്. 10 രൂപയുടെ പടക്കങ്ങള്‍ മുതല്‍ ആയിരം ഷോട്ടുകളടങ്ങിയ 14,000 രൂപയുടെ മള്‍ട്ടികളര്‍ ഷോട്ട് വരെ വിപണിയിലുണ്ട്. മൂന്‍വര്‍ഷങ്ങളില്‍ വിപണിയിലെത്തിയ ജനപ്രിയ പടക്കങ്ങളായ സൈറ്റ് ഔട്ട് ഷോട്ട്, റെയ്‌നി ഷൈനി, കിന്‍ഡര്‍ ജോയ്, ഹിറ്റാച്ചി, കോക്ക്‌ടെയ്ല്‍, നൈറ്റ് റൈഡേഴ്‌സ്, റെഡ് ഹെവന്‍ എന്നിവയെല്ലാം ഇത്തവണയും വിപണിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.