മൃതദേഹം സംസ്‌കരിക്കുന്നത് നീട്ടിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

Posted on: April 10, 2015 3:49 am | Last updated: April 9, 2015 at 11:50 pm

court-hammerചെന്നൈ: ആന്ധ്രാ പ്രദേശില്‍ വധിക്കപ്പെട്ട 20 രക്തചന്ദന കടത്തുകാരുടെ മൃതദേഹം സംസ്‌കരിക്കുന്നത് നീട്ടിവെക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ വരെ തിരുവണ്ണമാലൈ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നാണ് ഉത്തരവ്. കൊല്ലപ്പെട്ടവരിലൊരാളായ ശശികുമാറിന്റെ വിധവ മുനയമ്മാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പുനര്‍ പോസ്റ്റ്മാര്‍ട്ടം ആവശ്യപ്പെട്ടും സംഭവത്തില്‍ ദുരൂഹത ആരോപിച്ചുമായിരുന്നു ഹരജി. പുനര്‍ പോസ്റ്റ്മാര്‍ട്ടത്തിന് എതിര്‍പ്പില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന് വ്യക്തമാക്കുന്ന നിരവധി വിവരങ്ങള്‍ രക്ഷപ്പെട്ടവരിലൊരാള്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കോടതിയുടെ നിര്‍ദേശത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഈ വിഷയത്തില്‍ ഒരു എഫ് ഐ ആര്‍ നിലവിലില്ലാത്തതിനാല്‍ പുനര്‍ പോസ്റ്റ്മാര്‍ട്ടത്തിന് ഉത്തരവിടാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ഹൈക്കോടതി ബഞ്ച് വ്യക്തമാക്കി. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തോടതിക്ക് നിര്‍ദേശിക്കാമെന്ന് ബഞ്ച് നിരീക്ഷിച്ചു. പുനര്‍ പോസ്റ്റ്മാര്‍ട്ടത്തിന് സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ കോടതി അതിന് എതിരു നില്‍ക്കില്ലെന്നും വ്യക്തമാക്കി.
തുടര്‍ന്ന് അഡ്വക്കേറ്റ് ജനറലിന്റെ കൂടി അഭിപ്രായം കണക്കിലെടുത്താണ് മൃതദേഹം സംസ്‌കരിക്കുന്നത് നീട്ടിവെക്കാന്‍ ഉത്തരവിട്ടത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുണ്ടെന്നും രാസപദാര്‍ഥങ്ങള്‍ ഉണ്ടെന്നും മുനിയമ്മാളുടെ അഭിഭാഷകന്‍ കെ ബാലു ചൂണ്ടിക്കാട്ടി.
ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ചൊവ്വാഴ്ചയാണ് പ്രത്യേക പോലീസ് സംഘവും വനം വകുപ്പ് അധികൃതരും ചേര്‍ന്ന് രക്തചന്ദന കള്ളക്കടത്തുകാരായ ഇരുപത് പേരെ വധിച്ചത്. കീഴടക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് വെടിവെപ്പ് വേണ്ടിവന്നതെന്ന് പോലീസ് പറയുന്നു. ശേഷാചലം വനമേഖലയിലെ ചന്ദ്രഗിരി മണ്ഡലില്‍ ഉള്‍വനത്തില്‍ ഉള്‍പ്പെട്ട എതാഗുണ്ട, വച്ചിനോട് ബന്‍ഡ പ്രദേശത്താണ് സംഭവം.