യമനില്‍ നിന്ന് ഒരു ലക്ഷം പേര്‍ പലായനം ചെയ്തു: യുനിസെഫ്‌

Posted on: April 8, 2015 6:00 am | Last updated: April 8, 2015 at 9:04 am

യു എന്‍/സന്‍ആ: ഹൂതി വിമതര്‍ക്കെതിരെ സഊദിയുടെ നേതൃത്വത്തില്‍ ദശരാഷ്ട്ര സഖ്യം സൈനിക നടപടി തുടങ്ങിയ ശേഷം യമനില്‍ നിന്ന് ഒരു ലക്ഷം പേര്‍ പലായനം ചെയ്തിട്ടുണ്ടെന്ന് യുനിസെഫ്. ഇത്തരത്തില്‍ അഭയാര്‍ഥികളായി തീര്‍ന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും യുനിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. സംയുക്ത സൈനിക നടപടിയോടൊപ്പം വിവിധ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ വ്യാപകമാകുക കൂടി ചെയ്ത അല്‍ ധാലെ, അബ്‌യാന്‍, അംറാന്‍, സആദാ, ഹജ്ജ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പലായനം നടക്കുന്നതെന്ന് യു എന്‍ ഏജന്‍സി വക്താവ് രജത് മധോക്ക് പറഞ്ഞു. കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കേണ്ട സമയമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 26 മുതല്‍ ഇവിടെ 74 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും 44 കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
ഏകദേശ കണക്ക് മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ എത്രയോ അധികമാണെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും രജത് മധോക്ക് പറഞ്ഞു. അതിനിടെ, ഹൂതി വിമതരും പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുടെ സൈന്യവും തമ്മില്‍ ഏദനില്‍ രൂക്ഷമായ പോരാട്ടം തുടരുകയാണ്. ഇവിടെ തിങ്കളാഴ്ച രാത്രി മുതല്‍ 24 മണിക്കൂറിനുള്ളില്‍ 140 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സംഘര്‍ഷത്തിനിടെ എത്ര സിവിലിയന്‍മാര്‍ മരിച്ചുവെന്ന് വ്യക്തമല്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അല്‍ ബുഖൈതി മാധ്യമങ്ങളോട് പറഞ്ഞു.
ഹാദിയുടെ ശക്തി കേന്ദ്രമായാണ് ദക്ഷിണ നഗരമായ ഏദന്‍ അറിയപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസ സഹായം തേടുന്ന സാഹചര്യത്തില്‍ തങ്ങളുടെ വിമാനത്തിന് സംഘര്‍ഷ മേഖലയില്‍ ഇറങ്ങാനുള്ള സൗകര്യമൊരുക്കണമെന്ന് റേഡ്‌ക്രോസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. സന്‍ആയില്‍ ഒരു റെഡ്‌ക്രോസ് വിമാനം മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ പല തലങ്ങളില്‍ നടക്കുന്നുണ്ട്. ഹൂതികള്‍ ചര്‍ച്ചക്ക് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഹാദിയെ പുനരവരോധിക്കുന്ന ഒത്തു തീര്‍പ്പിന് തയ്യാറാകില്ലെന്നാണ് അറിയുന്നത്. അല്‍ ഖാഇദയും ഗോത്ര വര്‍ഗഗ്രൂപ്പുകളും മറ്റും ചേര്‍ന്ന് സങ്കീര്‍ണമായ സാഹചര്യമാണ് യമനില്‍ ഉള്ളത്.
അതേസമയം, ഹൂതി താവളം ലക്ഷ്യമാക്കി സംയുക്ത സൈന്യം നടത്തിയ വ്യോമാക്രമണത്തിനിടെ സ്‌കൂളില്‍ മിസൈല്‍ പതിച്ചുവെന്ന് യമന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇദിബ് പ്രവിശ്യയിലെ സ്‌കൂളിലാണ് മിസൈല്‍ പതിച്ചതെന്ന് ഇവിടുത്തെ ഗവര്‍ണര്‍ പറഞ്ഞു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.