സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശവുമായി ഐന്‍ ടി യു സി

Posted on: April 8, 2015 6:00 am | Last updated: April 8, 2015 at 12:32 am

കൊച്ചി: അലങ്കോലങ്ങള്‍ അവസാനിപ്പിച്ച് സര്‍ക്കാറിനെ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയുന്നില്ലെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, യൂ നിയന്‍ സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിനുശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഭരണത്തെ അവജ്ഞയോടെയാണ് ജനം കാണുന്നത്. ഈ സര്‍ക്കാര്‍ ഇങ്ങനെയല്ല പോകേണ്ടത്. മുന്നണി സംവിധാനങ്ങളെ നിയന്ത്രിച്ചുവരുന്ന കോണ്‍ഗ്രസ് വരുന്ന ഒരു വര്‍ഷം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ ഭാവി തുലാസിലാരും. വിവാദങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്താതെ പോകുന്നു.
ആരോപണങ്ങളില്‍പെട്ട് സര്‍ക്കാര്‍ അലങ്കോലമാകുമ്പോള്‍ പാര്‍ട്ടിയുടെ ഭാവിയെ കുറിച്ച് ചിന്തിക്കേണ്ടതാണ്. ജനങ്ങള്‍ക്ക് ഇതൊന്നും സഹിക്കാന്‍ കഴിയില്ല. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. തൊഴില്‍ മേഖലയും വ്യവസായ മേഖലയും തകര്‍ച്ചയിലാണ്. പാവപ്പെട്ടവനു ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഉത്തരവാദപ്പെട്ട മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇതിന് മറുപടി പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
28 ന് കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരേ 140 നിയോജക മണ്ഡലങ്ങളിലും സായാഹ്ന ധര്‍ണ നടത്തും. ഐ എന്‍ ടി യു സി സ്ഥാപക ദിനമായ മെയ് മൂന്നിന് കോട്ടയത്ത് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, കെ പി ഹരിദാസ്, ജില്ലാ പ്രസിഡന്റ് ഇബ്‌റാഹിംകുട്ടി, ഡോ. എം വി പത്മനാഭന്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.