എഎപി വിഐപി പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ്

Posted on: April 6, 2015 1:01 pm | Last updated: April 7, 2015 at 12:20 am
SHARE

aap_vvip-pngന്യൂഡല്‍ഹി: അധികാരത്തിലെത്തിയപ്പോള്‍ ആം ആദ്മി വിഐപി പാര്‍ട്ടിയായെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പരിപാടിക്ക് പുറത്തുവച്ച പാര്‍ക്കിങ്ങ് ബോര്‍ഡാണ് എഎപിയെ വെട്ടിലാക്കിയത്. വിവിഐപി എന്‍ട്രി എന്നെഴുതിയ പ്രത്യേക ബോര്‍ഡുകള്‍ വച്ചതാണ് വിവാദമായത്. തല്‍ക്കട്ടോര സ്‌റ്റേഡിയത്തിന് സമീപത്തുകൂടെ കടന്നുപോയപ്പോള്‍ കണ്ട കാഴ്ച എഎപി എങ്ങനെ വിഐപി പാര്‍ട്ടിയായെന്ന് മനസ്സിലായെന്ന് അജയ് മാക്കന്‍ ട്വീറ്റ് ചെയ്തു.
ഇന്നലെയായിരുന്നു അഴിമതി വിരുദ്ധ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1031ന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. തല്‍ക്കട്ടോര സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സ്‌റ്റേഡിയത്തിനു പുറത്തായിരുന്നു ബോര്‍ഡ്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരാണ് വിവിഐപി പാര്‍ക്കിങ് ഏരിയ ഉപയോഗിച്ചത്. വിഐപി സംസ്‌കാരം അവസാനിപ്പിക്കുമെന്ന് എഎപി അധികാരത്തിലെത്തുന്നതിന് മുമ്പ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ എഎപി വിഐപി സംസ്‌കാരത്തെ അനുകൂലിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ സുഗമമായ നടത്തിപ്പിന് ഇത്തരത്തിലുള്ള ചിലകാര്യങ്ങള്‍ അത്യാവശ്യമാണെന്നും എഎപി നേതാവ് ആദര്‍ശ് ശാസ്ത്രി രംഗത്തെത്തി. എഎപിയുടെ പരിപാടികളില്‍ എല്ലാവരും തുല്യരാണെന്ന് മറ്റൊരു നേതാവ് ദിലീപ് പണ്ഡെ പറഞ്ഞു.