വളയാര്‍ ചെക്ക് പോസ്റ്റിലെ അനിശ്ചിതകാല ലോറി സമരം വ്യാപിക്കുന്നു

Posted on: April 3, 2015 9:18 am | Last updated: April 3, 2015 at 10:19 am

പാലക്കാട്: വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ലോറി ഉടമകളുടെ നേതൃത്വത്തില്‍ആരംഭിച്ച അനിശ്ചിതകാല സമരം സംസ്ഥാനത്തെ മുഴുവന്‍ ചെക്കുപോസ്റ്റുകളിലേക്കും വ്യാപിപ്പിക്കുന്നു. കോയമ്പത്തൂരില്‍ ഇന്നലെ ചേര്‍ന്ന ഓള്‍ ഇന്ത്യമോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ്(എ ഐ എം ടി സി)ഭാരവാഹികളുടെയും കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ മുഴുവന്‍ ജില്ലകളിലേയും ലോറി ഉടമസംഘടനകളുടെ ‘ഭാരവാഹികളുടെയും തേതൃത്വത്തിലുള്ള യോഗത്തിലാണ് തീരുമാനമായത്. സംസ്ഥാനത്ത് ചരക്കുനീക്കം പൂര്‍ണമായി സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ചെക്കുപോസ്റ്റുകളിലൂടെയുമുള്ള ചരക്കു കൊണ്ടുപോകല്‍ നിര്‍ത്തിവെക്കാനും തീരുമാനമായി. സംസ്ഥാനാതിര്‍ത്തിയിലുള്ള മുഴുവന്‍ ചെക്കുപോസ്റ്റുകളിലും ചരക്കുസ്തംഭനവും പാചകവാതക ടാങ്കര്‍ ലോറികളുടെ സമരത്തിലെ പങ്കാളിത്തവും കേരളത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തെ ഗണ്യമായ രീതിയില്‍ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ലോറി ഉടമകളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ച രണ്ടാം തവണയും മാറ്റി വെച്ചതും സമരത്തിന്റെ രീതിമാറ്റാന്‍ ലോറിയുടമകളെ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്. സമരം നീട്ടികൊണ്ടുപോകാന്‍ ആഗ്രഹമില്ലെന്നിരിക്കെ സര്‍ക്കാറിന്റെ ഇക്കാര്യത്തിലുള്ള അനാസ്ഥ കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വണ്ടികള്‍ക്ക് വേഗം ക്ലിയറന്‍സ് ലഭിക്കാനായി ചെക്ക് പോസ്റ്റില്‍ സ്‌കാനിംഗ് മെഷീനും ക്യാമറകളും സ്ഥാപിക്കുക, സുഗമമായ ചരക്ക് നീക്കത്തിന് ഗ്രീന്‍ ചാനല്‍ സംവിധാനം നടപ്പാക്കുക, വാഹനം പാര്‍ക്കുചെയ്യാന്‍ സൗകര്യമൊരുക്കുക, ചെക്ക് പോസ്റ്റിലെത്തുന്ന ലോറി ജീവനക്കാര്‍ക്ക് പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യങ്ങള്‍ നിര്‍മിക്കുക തുടങ്ങി ഒന്‍പത് ആവശ്യങ്ങളില്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് ലോറി ഉടമകളുടെ സമരം.