യു പിയില്‍ ബന്ധുക്കളായ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു

Posted on: April 2, 2015 11:47 pm | Last updated: April 2, 2015 at 11:47 pm

rapeബദൗന്‍(ഉത്തര്‍പ്രദേശ്) : പ്രായപൂര്‍ത്തിയാകാത്ത ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ അഞ്ചംഗസംഘം തോക്ക്ചൂണ്ടി തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ജരീഫ് നഗറിലാണ് സംഭവം.
പ്രതികള്‍ തോക്ക് ചൂണ്ടി ഇരുവരേയും തങ്ങളുടെ താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. അവിടെ വെച്ചാണ് കൂട്ടബലാത്‌സംഗം ചെയ്തത്. പ്രതികളില്‍ രണ്ടുപേര്‍ സഹോദരങ്ങളാണെന്ന് സീനിയര്‍ പോലീസ് സുപ്രണ്ട് സൗമിത്ര യാദവ് പറഞ്ഞു.
പെണ്‍കുട്ടികള്‍ ബഹളം വെച്ചപ്പോള്‍ ഗ്രാമീണര്‍ ഓടിക്കൂടുകയായിരുന്നു. പ്രതികളെ പിടികൂടി പോലീസിലേല്‍പ്പിച്ചതും നാട്ടുകാരാണ്.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധനക്ക് വിധേയരാക്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സമാന സ്വഭാവമുള്ള സംഭവം ഉത്തര്‍പ്രദേശിലെ ഉഷിറ്റ് ഗ്രാമത്തിലുണ്ടായിരുന്നു.
14,15 വയസ്സ് പ്രായമുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെ കുട്ടബലാത്സംഗം ചെയ്ത് കൊന്ന ശേഷം മരത്തില്‍ കെട്ടിത്തൂക്കിയിരുന്നു.
ആദ്യ മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായിട്ടായിരുന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മെയ് 27നായിരുന്നു സംഭവം.
എന്നാല്‍ പിന്നീട് സി ബി ഐ അന്വേഷണത്തില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയോ, കൊലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നും സി ബി ഐ പറഞ്ഞു.