കെനിയയില്‍ യൂനിവേഴ്‌സിറ്റിക്ക് നേരെ തീവ്രവാദി ആക്രമണം: 70 മരണം

Posted on: April 2, 2015 11:12 pm | Last updated: April 2, 2015 at 11:59 pm

AP_Kenya_ml_150402_4x3_992നൈറോബി: കെനിയയിലെ ഗരിസ്സ യൂണിവേഴ്‌സിറ്റി ക്യാമ്പസിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 70 പേരെങ്കിലും കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോലീസുകാരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. സോമാലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ശബാബ് തീവ്രവാദിക സംഘടനയുടെ വക്താവ് ശൈഖ് അലി മഹ്മൂദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ക്യാമ്പസിലെത്തി വിവേചനരഹിതമായി വെടിവെപ്പ് നടത്തുകയായിരുന്നു. നിരവധി പേരെ തീവ്രവാദികള്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പരുക്കേറ്റവരെയും കൊണ്ട് ആംബുലന്‍സുകള്‍ ആശുപത്രികളിലേക്ക് കുതിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വടക്കന്‍ കെനിയയിലെ ഗരിസ്സ യൂനിവേഴ്‌സിറ്റി കോളജിനു നേരെ ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഞ്ച് പേരാണ് ആക്രമണത്തിന് പിന്നിലെന്നും യൂനിവേഴ്‌സിറ്റി ക്യാമ്പസിനു ചുറ്റും സുരക്ഷാ സൈന്യത്തെ വിന്യസിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂനിവേഴ്‌സിറ്റിയിലെ നിരവധി വിദ്യാര്‍ഥികളെ ശബാബ് തീവ്രവാദി സംഘം ബന്ദികളാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. തീവ്രവാദികള്‍ ആക്രമണം നടത്തുന്നതിനിടെ ക്യാമ്പസില്‍ നിന്ന് അമ്പതിലധികം വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ച് നിര്‍ത്തി ഒരു പ്രത്യേക മതത്തിലെ വിദ്യാര്‍ഥികളെ തീവ്രവാദികള്‍ പോകാന്‍ അനുവദിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ശബാബ് പ്രവര്‍ത്തകര്‍ക്കെതിരെ കെനിയ സോമാലിയയില്‍ നടത്തുന്ന സൈനിക നീക്കത്തിന് പ്രതികാരമായിട്ടാണ് തങ്ങളുടെ ഈ ആക്രണമെന്ന് അല്‍ശബാബ് അറിയിച്ചു. സോമാലിയയുമായി കെനിയ യുദ്ധത്തിലാണ്. എന്നാല്‍ ഞങ്ങളുടെ ആളുകള്‍ കെനിയയിലുണ്ട്. ശബാബിനെ നേരിടുന്നവരെ കൊലപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശബാബ് വക്താവ് വ്യക്തമാക്കി. എന്നാല്‍ എത്ര പേരാണ് ബന്ധികളായുള്ളത് എന്ന് വ്യക്തമാക്കാന്‍ സംഘം തയ്യാറായിട്ടില്ല.
ശക്തമായ സ്‌ഫോടനവും വെടിവെപ്പും നിന്ന് കേട്ടതായി പരിസര വാസികളും നിന്ന് രക്ഷപ്പെട്ടവരും വ്യക്തമാക്കി. രണ്ടു ഗാര്‍ഡുകള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
നിരവധി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെനിയന്‍ സൈന്യം ക്യാമ്പസിനു ചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്. അക്രമികള്‍ അഞ്ചു പേരുണ്ടെന്ന് രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. സംഭവസ്ഥലത്ത് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ ഒരു ആക്രമണകാരിയെ പിടികൂടിയതായി ക്യാബിനറ്റ് സെക്രട്ടറി ജോസഫ് ഇന്‍കൈഷെറി അറിയിച്ചു.