പതിമൂന്ന് സ്‌കൂളുകളില്‍ ഹരിശ്രീ മാതൃകാ വിദ്യാലയ പദ്ധതി

Posted on: April 2, 2015 10:21 am | Last updated: April 2, 2015 at 10:21 am

പാലക്കാട്: അടുത്ത അധ്യയനവര്‍ഷം ജില്ലയിലെ 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ ഓരോ വിദ്യാലയത്തില്‍വീതം ഹരിശ്രീ മാതൃകാവിദ്യാലയപദ്ധതി നടപ്പാക്കുന്നു.
കോഴിക്കോട് ജില്ലയിലെ നടക്കാവ് ഗേള്‍സ് ഹൈസ്‌കൂളില്‍ കൈവരിക്കാനായ നേട്ടങ്ങള്‍ മാതൃകയാക്കി സ്‌കൂളുകളില്‍ വിദ്യാഭ്യാസപരവും ‘ൗതികവുമായി അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഇതിന്റെ പ്രാഥമികഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ജില്ലാപഞ്ചായത്ത് ഓരോസ്‌കൂളിനും ഒരു കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങളെയാണ് നടത്തിപ്പിനായി തിരഞ്ഞെടുത്തിട്ടുള്ളത്. കഞ്ചിക്കോട് ജി വി എച്ച് എസ് എസ് (ചിറ്റൂര്‍ ഉപജില്ല), കൊടുവായൂര്‍ എച്ച് എസ് എസ് (കൊല്ലങ്കോട്), ആലത്തൂര്‍ ഗവ. ഗേള്‍സ് എച്ച് എസ് എസ് (ആലത്തൂര്‍), കോട്ടായി ഗവ. ഗേള്‍സ് എച്ച് എസ് എസ് (കുഴല്‍മന്ദം), മലമ്പുഴ ജി വി എച്ച് എസ് എസ് (പാലക്കാട്), മങ്കര എച്ച് എസ് എസ് (പറളി), കാരാകുറുശ്ശി ജി വി എച്ച് എസ് എസ് (മണ്ണാര്‍ക്കാട്), പുലാപ്പറ്റ എം എന്‍ കെ എം ഗവ എച്ച് എസ് എസ് (ചെര്‍പ്പുളശ്ശേരി), കടമ്പൂര്‍ ജി എച്ച് എസ് എസ്. (ഒറ്റപ്പാലം), മാരായമംഗലം ജി എച്ച് എസ് എസ് (ഷൊറണൂര്‍), കൊടുമുണ്ട ജി എച്ച് എസ് എസ്. (പട്ടാമ്പി), വട്ടേനാട് ജി വി എച്ച് എസ് എസ് (തൃത്താല), അഗളി ജി വി എച്ച് എസ് എസ് (അഗളി) എന്നീ സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഓരോ സ്‌കൂളിലെയും ആവശ്യങ്ങള്‍ അറിഞ്ഞുള്ള ഇടപെടലിനാണ് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥികള്‍, അതതുപ്രദേശത്തെ പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെയും വ്യക്തികളുടെയും സഹകരണത്തോടെ അടിസ്ഥാനസൗകര്യ വികസനവും വിദ്യാഭ്യാസ, സാംസ്‌കാരിക നിലവാരം ഉയര്‍ത്തുന്നതും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുക. ജില്ലാപഞ്ചായത്തിന്റെ കലാമുന്നേറ്റം, കായികമുന്നേറ്റം പോലുള്ള പദ്ധതികളും ഇവയുമായി സമന്വയിപ്പിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.