പങ്കെടുത്ത എല്ലാ മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി അഫ്രിന്‍

Posted on: April 1, 2015 7:24 pm | Last updated: April 1, 2015 at 7:24 pm

afrinഅബുദാബി: പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ അഫ്രിന്‍ നിസാം. തിരുവനന്തപുരം ആറ്റിങ്ങല്‍ പാണന്റെ മുക്കില്‍ വലിയകട വീട്ടില്‍ റശീദിന്റെ മകന്‍ നിസാമിന്റെയും സനൂജ ബീവിയുടെയും രണ്ട് മക്കളില്‍ ഇളയവളാണ് ഈ മിടുക്കി.

ഗുരുവോ അധ്യാപകരോ ഇല്ലാതെ സ്വയം ആര്‍ജിച്ച മികവിലാണ് വിവിധ മേഖലകളില്‍ അഫ്രിന്‍ കഴിവ് തെളിയിച്ചത്. ഈ വര്‍ഷത്തെ ശൈഖ് ഹംദാന്‍ അവാര്‍ഡ് നേടിയ അഫ്രിന്‍ പത്തോളം മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. ചിത്രരചന, ചായംതേക്കല്‍, കരാട്ടെ, കാലിഗ്രാഫി, നീന്തല്‍, സ്‌പോര്‍ട്‌സ്, ലോംഗ് ജംബ്, ഷോര്‍ട് പുട്, ഉപന്യാസ രചന, പെന്‍സില്‍ ഡ്രോയിംഗ് എന്നിവയിലെല്ലാം അഫ്രിന്‍ കഴിവ് തെളിയിച്ചു കഴിഞ്ഞു. പങ്കെടുത്ത മത്സരങ്ങളിലെല്ലാം അഫ്രിക്ക് ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ കരസ്ഥമാക്കിയിട്ടുണ്ട്. പതിമൂന്ന് വയസുള്ള അഫ്രിന്‍ നിസാം അബുദാബി ഇന്ത്യന്‍ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയാണ്.
സ്‌കൂളിലെ പഠന കാര്യത്തിലും അഫ്രിന്‍ ഒന്നാം സ്ഥാനത്താണ്. നാല്, അഞ്ച്, ആറ് ക്ലാസില്‍ പഠിക്കുമ്പോള്‍ പരീക്ഷയില്‍ 99 ശതമാനം മാര്‍ക്ക് നേടിയിരുന്നു. ഏഴാം തരത്തില്‍ 98 ശതമാനം മാര്‍ക്കുമുണ്ട്.
2013ല്‍ സിറാജ് ഷാര്‍ജ ബുക്ക് ഫെയറില്‍ നടത്തിയ ചിത്ര രചനാ മത്സരം, ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ ഫഌഷ് മല്‍ത്സരം, ടീന്‍സ് ഇന്ത്യ അബുദാബി ചിത്രരചനാ മത്സരം, അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ചിത്ര രചനാ മത്സരം, മലയാളി സമാജം ചിത്രരചനാ മത്സരം, യു എ ഇ ഐഡിയ ടാലന്റ് സെര്‍ച്ച് മത്സരം, ഇന്ത്യന്‍ എംബസി നടത്തിയ ചിത്രരചനാ മത്സരം, യു എ ഇ ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ്, ജെ കെ എസ് കപ്പ് 2014, ബു ഡോകാണ്‍ കപ്പ് 2014, പിക്കാസോ ആര്‍ട് കോണ്‍ടസ്റ്റ് 2014, മറീനമാള്‍ ചിത്രരചനാ മത്സരം, പീസ് പാലസ് ഇന്റര്‍നാഷനല്‍ ആര്‍ട് എക്‌സ്ബിഷന്‍ അവാര്‍ഡ് എന്നീ മത്സരങ്ങളിലെല്ലാം ഒന്നാം സ്ഥാനം നേടിയിരുന്നു.
ചെറു പ്രായത്തില്‍ തന്നെ അഫ്രിന്‍ കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂളില്‍ നടക്കുന്ന മത്സരങ്ങളിലും സ്‌കൂളുകള്‍ തമ്മില്‍ നടക്കുന്ന മത്സരങ്ങളിലും വിവിധ മത്സരങ്ങളില്‍ അഫ്രിന്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് പത്രങ്ങളില്‍ ചെറിയ സ്റ്റോറികള്‍ എഴുതിയും ഇവള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.
തലാസീമിയ രോഗത്തിനെതിരെ ബോധവത്കരണ ക്ലാസ് നടത്തുന്ന അഫ്രിന്‍ ദുബൈ ലത്വീഫ ഹോസ്പിറ്റലിലെ തലാസീമിയ ബാധിച്ച രോഗികള്‍ക്ക് ചിത്രങ്ങള്‍ വരച്ച് സംഭാവനയും ചെയ്തിട്ടുണ്ട്. ഇത്രയും കാലത്തിനിടയില്‍ നൂറ് കണക്കിന് ചിത്രങ്ങളാണ് അഫ്രിന്‍ വരച്ചിട്ടുള്ളത്. അഫ്രിന്റെ ഉമ്മയും ചിത്രം വരയില്‍ വാസനയുള്ളവരാണ്. സഹോദരന്‍ ആരിഫ് മുഹമ്മദും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ്, ഖുര്‍ആന്‍ മത്സരം, നീന്തല്‍, കരാട്ടെ എന്നിവയില്‍ നിരവധി സമ്മാനങ്ങളാണ് ആരിഫ് നേടിയത്.