രാജീവ് ഗാന്ധി സേവാകേന്ദ്രം സ്ഥാപിക്കാന്‍ നടപടിയില്ല

Posted on: April 1, 2015 12:30 pm | Last updated: April 1, 2015 at 12:30 pm

മാനന്തവാടി: ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതികളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിന് രാജീവ് ഗാന്ധി സേവാകേന്ദ്രം സ്ഥാപിക്കണമെന്ന നിര്‍ദേശം ജില്ലയില്‍ ഒരിടത്തും നടപ്പായില്ല. നാലുവര്‍ഷം മുമ്പാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്തെ മുഴുവന്‍ ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനങ്ങളിലും ആയിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കെട്ടിടം നിര്‍മിക്കാനായിരുന്നു നിര്‍ദേശം. സ്വന്തമായി ഭൂമി ലഭ്യമല്ലെങ്കില്‍ നിലവിലുള്ള പഞ്ചായത്ത് ഓഫിസുകളുടെ മുകളില്‍ നിര്‍മാണം നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനായി ബ്ലോക്ക് തലത്തില്‍ 25 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്ത് തലത്തില്‍ 15 ലക്ഷം രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നു ചെലവഴിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ചുക്കാന്‍ പിടിക്കുന്ന ബ്ലോക്ക് പ്രോഗ്രാം ഓഫിസര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ബ്ലോക്ക് സേവാ കേന്ദ്രങ്ങളും പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, എന്‍ജിനീയര്‍, ക്ലാര്‍ക്ക് എന്നിവര്‍ക്ക് പഞ്ചായത്തുതല സേവാ കേന്ദ്രങ്ങളും ഉപയോഗപ്പെടുത്താനായിരുന്നു നിര്‍ദേശം. നിലവില്‍ ഇവരെല്ലാം പഞ്ചായത്ത് ഓഫിസിനോട് ചേര്‍ന്നു തന്നെ ഒതുങ്ങിക്കൂടുകയാണ് ചെയ്യുന്നത്. തൊഴിലുറപ്പ് തൊഴിലാളികളെ മുഴുവനായും ഉപയോഗപ്പെടുത്തി അവിഭാജ്യ തൊഴിലാളികളെ മാത്രം പുറമെ നിന്നു വിളിച്ച് കെട്ടിടം പണിയാനായിരുന്നു നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശം വന്ന് നാലുവര്‍ഷം പിന്നിട്ടിട്ടും ഈ ഭരണസമിതിയുടെ അവസാന ബജറ്റവതരണം നടന്നിട്ടും രാജീവ് ഗാന്ധി തൊഴിലുറപ്പ് സേവാ കേന്ദ്രം ഇപ്പോഴും ഫയലില്‍ ഉറങ്ങുകയാണ്.