ഹജ്ജ്: കേരളത്തിന് 700 സീറ്റുകള്‍ കൂടി ലഭിച്ചേക്കും

Posted on: April 1, 2015 6:00 am | Last updated: March 31, 2015 at 11:39 pm

കൊണ്ടോട്ടി: വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന ഹജ്ജ് സീറ്റുകള്‍ ആദ്യഘട്ട വിഹിതം വെക്കുമ്പോള്‍ കേരളത്തിന് 700 സീറ്റുകളെങ്കിലും ലഭിച്ചേക്കും. ഹജ്ജ് അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ തന്നെ മൂന്ന് സംസ്ഥാനങ്ങളില്‍ ക്വാട്ടയേക്കാള്‍ കുറവ് അപേക്ഷകരാണ് ഉള്ളത് .
ബംഗാളില്‍ 3868 സീറ്റിലേക്കും ബിഹാറില്‍ 3295 സീറ്റിലേക്കും അസമില്‍ 2703 സീറ്റിലേക്കും അപേക്ഷകരില്ല.മൊത്തം 9866 സീറ്റുകള്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം ഒഴിഞ്ഞു കിടക്കയാണ് .
ഗോവ ഉള്‍പ്പടെ മറ്റ് സംസ്ഥാനങ്ങളിലും സീറ്റുകള്‍ ഒഴിവുണ്ടെന്നാണറിയുന്നത്. സീറ്റ് വിഹിതം വെക്കുമ്പോള്‍ കേരളത്തിനു ആദ്യ ഘട്ടത്തില്‍ തന്നെ 700 അധിക സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .കേരളത്തിന് അനുവദിച്ച ക്വാട്ട 5633 ആണെങ്കിലും 6500 ല്‍ അധികം പേര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും. 70 വയസ്സ് പൂര്‍ത്തിയായ അപേക്ഷകരേയും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവരേയും നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ക്വാട്ടയിലേക്ക് ശേഷിച്ച 703 പേരെ കണ്ടെത്തുന്നതിനായിരുന്നു നറുക്കെടുപ്പ് .വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകള്‍ കൂട് ലഭിക്കുനെന്നതിനാല്‍ തുടര്‍ച്ചയായി നാല് വര്‍ഷം അപേക്ഷിച്ചവരില്‍ നിന്നായി 9418 പേരെ ഉള്‍പ്പെടുത്തി വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് ആദ്യ ഘട്ടമായി 500ല്‍ അധികം പേരുടെ പാസ് പോര്‍ട്ടും ഹജ്ജ് കമ്മിറ്റി കൈപറ്റിയിട്ടുണ്ട് .
അധിക സീറ്റ് ലഭിക്കുന്ന മുറക്ക് ഇവര്‍ക്ക് പണം അടക്കുന്നതിനും മറ്റുമുള്ള നിര്‍ദേശം ലഭിക്കും.