Connect with us

Malappuram

പരീക്ഷാ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് കെ എസ് ഇ ബിയുടെ ഇരുട്ടടി

Published

|

Last Updated

വണ്ടൂര്‍: സ്‌കൂളുകളില്‍ പൊതുപരീക്ഷ നടക്കുന്നതിനിടെ പ്രഖ്യാപിക്കാത്ത ലോഡ് ഷെഡിംഗ് നടത്തുന്ന കെ എസ് ഇ ബിയുടെ നടപടി വിദ്യാര്‍ഥികള്‍ക്ക് ദുരിതമാകുന്നു.
രാത്രി രണ്ടു സമയങ്ങളിലായി ഒരു മണിക്കൂറോളമാണ് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമ പ്രദശങ്ങളിലെ സെക്ഷന്‍ ഓഫീസ് പരിധികളിലാണ് രാത്രി വൈദ്യുതി മുടക്കുന്നത്. എന്നാല്‍ കൃത്യമായ കാരണം കെ എസ് ഇ ബി അധികതര്‍ ഇതെ കുറിച്ച് നല്‍കുന്നുമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതി മുടങ്ങി തുടങ്ങിയെങ്കിലും ഇതെ കുറിച്ച് ഔദ്യോഗീക അറിയിപ്പൊന്നും വൈദ്യുതി വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. രാത്രി എട്ട് മണിക്കും പത്തിനുമിടയിലാണ് ലോഡ് ഷെഡിംഗ് നടക്കുന്നത്. ഇത് സംബന്ധിച്ച് വണ്ടൂര്‍ കെ എസ് ഇ ബി സെക്ഷന്‍ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കുറ്റിയാടി വൈദ്യുതി വിതരണ കേന്ദ്രത്തിലുണ്ടായ തകരാര്‍ ആണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്ന മറുപടിയാണ് ലഭിച്ചത്.
പാണ്ടിക്കാട് ഭാഗത്ത് വൈദ്യുതി ലൈന്‍ പൊട്ടിവീണതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് കരുവാരക്കുണ്ട് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ അറിയാന്‍ സാധിച്ചത്. രണ്ട് ദിവസം മുമ്പ് ചാത്തങ്ങോട്ടുപുറം മുതീരിയില്‍ മരകൊമ്പ് വീണതാണ് വൈദ്യുതി മുടങ്ങാന്‍ കാരണമെന്നാണ് വണ്ടൂര്‍ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചത്. അതെസമയം മഞ്ചേരി കെ എസ് ഇ ബി സെക്ഷന്‍ പരിധിയിലും ഇന്നലെ രാത്രി അരമണിക്കൂറോളം വൈദ്യുതി മുടക്കമുണ്ടായി. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ ആരംഭിച്ച ശേഷമുള്ള വൈദ്യുതി മുടക്കം വിദ്യാര്‍ഥികളെ ഏറെ വലക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസം രാത്രി വൈദ്യുതി ഇല്ലാതായതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതെസമയം എടവണ്ണ-കിഴിശ്ശേരി ലൈനില്‍ തകരാറുണ്ടായതിനാല്‍ വൈദ്യുതി വിതരണം കാര്യക്ഷമമായി നടക്കുന്നില്ലെന്നും പകരം മേലാറ്റൂര്‍ സബ് സ്‌റ്റേഷനില്‍ നിന്നാണ് ഇപ്പോള്‍ വണ്ടൂര്‍ മേഖലയിലൂടെ വിതരണം നടക്കുന്നതെന്നും വണ്ടൂര്‍ സബ് സ്‌റ്റേഷനില്‍ നിന്നും അറിയിച്ചു. മേലാറ്റൂരില്‍ നിന്നും വിതരണം ചെയ്യുമ്പോള്‍ ലോഡ് താങ്ങാന്‍ സാധിക്കാത്തതിനാലാണ് ഓരോ 20 മിനുട്ടിലും വൈദ്യുതി വിതരണത്തിന് തടസ്സം നേരിടുന്നതെന്നും ഓഫീസ് അധികൃതര്‍ അറിയിച്ചു.