Connect with us

International

നേപ്പാള്‍ പാര്‍ലിമെന്റില്‍ പൊരിഞ്ഞ കൈയാങ്കളി

Published

|

Last Updated

കാഠ്മണ്ഡു: നേപ്പാള്‍ പാര്‍ലിമെന്റില്‍ പൊരിഞ്ഞ കൈയാങ്കളി. മാവോയിസ്റ്റ് പാര്‍ട്ടി എം പിമാര്‍ ഭരണ കക്ഷി എം പിമാരെ കൈയേറ്റം ചെയ്യുകയും കസേരയെടുത്ത് എറിയുകയും ചെയ്തു. സര്‍ക്കാര്‍, നീതിന്യായ വിഭാഗം, ഫെഡറലിസം, തിരഞ്ഞെടുപ്പ് സംവിധാനം തുടങ്ങിയവയില്‍ കാതലായ പരിഷ്‌കരണം ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭരണഘടന നിര്‍ദേശങ്ങള്‍ കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലി ചര്‍ച്ചക്കെടുത്തപ്പോഴാണ് മാവോയിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ അഴിഞ്ഞാടിയത്. ഭരണഘടനാ നിര്‍ദേശങ്ങള്‍ തള്ളണമെന്നാവശ്യപ്പെട്ട് യൂനിഫൈഡ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (മാവോയിസ്റ്റ്)ന്റെ നേതൃത്വത്തില്‍ 30 പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചതിന് പിറകേയാണ് പാര്‍ലിമെന്റില്‍ അക്രമം അഴിച്ചു വിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍-മാവോയിസ്റ്റും പ്രക്ഷോഭ രംഗത്തുണ്ട്.
തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് അസംബ്ലിയില്‍ നടപടിക്രമങ്ങള്‍ തുടങ്ങിയത്. ഇന്നലെ പുലര്‍ച്ചെയോടെ സ്പീക്കര്‍ സുഭാഷ് നെംവാംഗ് ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി മേധാവിയോട് ഭരണഘടനാ നിര്‍ദേശം അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ മാവോയിസ്റ്റ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. ചില അംഗങ്ങള്‍ ചെയറിലേക്ക് കുതിച്ചു. മാര്‍ഷല്‍മാര്‍ തടഞ്ഞതോടെ അവര്‍ നടുത്തളത്തില്‍ കുത്തിയിരുന്നു. ഇവരെ തടയാന്‍ ഭരണകക്ഷി അംഗങ്ങള്‍ എത്തിയതോടെ ഉന്തും തള്ളുമായി. പ്രതിപക്ഷ അംഗങ്ങളില്‍ ചിലര്‍ കസേരയെടുത്ത് ഏറ് തുടങ്ങി. മൈക്കുകള്‍ ഊരിയെറിഞ്ഞു. സംഘര്‍ഷത്തില്‍ മൂന്ന് ഭരണകക്ഷി എം പിമാര്‍ക്ക് പരുക്കേറ്റു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റു. മധേസി പാര്‍ട്ടിയും മാവോയിസ്റ്റ് ഗ്രൂപ്പുകളും അടങ്ങുന്ന പ്രതിപക്ഷം പാര്‍ലിമെന്റില്‍ ശക്തമാണ്. സംഘര്‍ഷം തുടര്‍ന്നതോടെ സ്പീക്കര്‍ നെംവാംഗ് സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.
പുതിയ ഭരണഘടന നാളെ നിലവില്‍ വരണമെന്നാണ് ധാരണയായിരുന്നത്. എന്നാല്‍ പ്രതിപക്ഷ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.