Connect with us

Malappuram

മാവോയിസ്റ്റ് ഭീഷണിക്കിടെ ആദിവാസി ഹോംഗാര്‍ഡുകളുടെ സേവനം നിര്‍ത്തി

Published

|

Last Updated

കാളികാവ്: മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുന്ന ആദിവാസി മേഖലയില്‍ നിന്ന് ഹോംഗാര്‍ഡുകളെ നിയമിച്ചിരുന്ന നടപടി നിര്‍ത്തിവെച്ചു. ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ നിന്നായി 29 പേരെയാണ് ഹോംഗാര്‍ഡുകളായി നിയമിച്ചിരുന്നത്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തി പരിശീലനവും നല്‍കിയാണ് നിയമനം നടത്തിയിരുന്നത്.
2013 ഡിസംബര്‍ 10 മുതല്‍ 2014 മെയ് 10 വരെയാണ് ഹോംഗാര്‍ഡുകളെ നിയമിച്ചിരുന്നത്. ഓരോദിവസവും ഒരാള്‍ക്ക് അഞ്ഞൂറ് രൂപ വെച്ച് പ്രതിഫലവും നിശ്ചയിച്ചിരുന്നു. ചോക്കാട് നാല്‍പത് സെന്റ്, ചേനപ്പാടി, ചിങ്കക്കല്ല്, കക്കാടംപൊയില്‍, പാലക്കയം, മുണ്ടക്കടവ്, മൈലംപാറ, വഴിക്കടവ്, നെടുങ്കയം, തുടങ്ങിയ ആദിവാസി കോളനികളില്‍ നിന്നാണ് ഹോംഗാര്‍ഡുകളെ നിയമിച്ചിരുന്നത്.
ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന മഞ്ചുനാഥിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആദിവാസി യുവാക്കളെ ഹോംഗാര്‍ഡുകളായി നിയമിച്ചത്. മാവോയിസ്റ്റുകള്‍ ഉള്‍പ്പടെ അപരിചിതരായ ആളുകള്‍ കോളനിയിലെത്തുന്നുണ്ടോ എന്ന് നോക്കാനായിരുന്നു പ്രധാനമായും ഹോംഗാര്‍ഡുകളെ നിയമിച്ചിരുന്നത്. അപരിചിതരായ ആളുകള്‍ കോളനിയിലെത്തിയാല്‍ പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥരേയും, ഇന്റലിജന്‍സ് വിഭാഗത്തേയും വിവരം അറിയിച്ചിരുന്നു. പോലീസ് മേധാവികള്‍ക്കും ഇന്റലിജന്‍സ് ഉന്നതര്‍ക്കും ആദിവാസി ഹോംഗാര്‍ഡുകള്‍ നല്‍കുന്ന വിവരങ്ങളാണ് പോലീസ് ഡിപ്പാര്‍ട്ട് മെന്റിന് ലഭിച്ചിരുന്നത്.
സേവനം ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് ആദിവാസികളായ ഹോംഗാര്‍ഡുകളെ പിന്‍വലിച്ചതെന്നാണ് പറയപ്പെടുന്നത്. മെയ് ഒന്ന് മുതല്‍ പത്താം തീയതി വരെ പ്രതിഫലമായി കൊടുക്കേണ്ട തുക ആദിവാസി ഹോംഗാര്‍ഡുകള്‍ക്ക് ഇത് വരെ നല്‍കിയിട്ടില്ലെന്ന് ജോലിചെയ്തിരുന്ന ഗാര്‍ഡുമാര്‍ പറഞ്ഞു.
ഭരണാധികാരികള്‍ ആദിവാസികളെ ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാണ് മാവോയിസ്റ്റുകള്‍ ആദിവാസി മേഖലയില്‍ തമ്പടിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നത്. ഇതിനിടെയാണ് ആദിവാസി ഹോംഗാര്‍ഡുകള്‍ തന്നെ പ്രതിഫലം കിട്ടിയില്ലെന്ന് പരാതിയുമായി രംഗത്തെത്തിയത്.

Latest