ബ്രിസ്‌ബേന്‍ ടെസ്റ്റ; ഇന്ത്യക്കെതിരെ ഓസീസിന് നാല് വിക്കറ്റ് വിജയം

Posted on: December 20, 2014 12:04 pm | Last updated: December 20, 2014 at 11:46 pm

201195ബ്രിസ്‌ബേന്‍: എല്ലാം വളരെ പെട്ടെന്നായിരുന്നു. യുവരക്തം തുടിക്കുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ബ്രിസ്‌ബേനില്‍ നടന്ന രണ്ടാമത്തെ ക്രിക്കറ്റ് ടെസ്റ്റിലും ആസ്‌ത്രേലിയക്ക് വിജയം. 128 റണ്‍സെന്ന ദുര്‍ബല വിജയലക്ഷ്യം മറികടക്കാന്‍ ആസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ ബലികഴിക്കേണ്ടി വന്നു എന്ന ഒരൊറ്റ ആശ്വാസം മാത്രമേ ഇന്ത്യക്കുള്ളൂ. ആദ്യ ഇന്നിംഗ്‌സിലെ സെഞ്ച്വറി നേടിയ ക്യാപറ്റന്‍ സ്റ്റീഫന്‍ സ്മിത്താണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര ആസ്‌ട്രേലിയ 2-0ന് മുന്നിലെത്തി. അഡ്‌ലെയ്ഡില്‍ നടന്ന ടെസ്റ്റും ആസ്‌ട്രേലിയ ജയിച്ചിരുന്നു.
97 റണ്‍സിന്റെ നേരിയ ലീഡ് നേടിയ ആസ്‌ട്രേലിയ, രണ്ടാമിന്നിംഗ്‌സില്‍ 224 റണ്‍സിന് ഇന്ത്യയുടെ കഥകഴിച്ചു. മിച്ചല്‍ ജോണ്‍സന്റെ തീപാറുന്ന പന്തുകളാണ് ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെന്ന നിലയില്‍ നാലാം ദിനം രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യക്ക് വിരാട് കോഹ്‌ലി(ഒന്ന്)യുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജോണ്‍സന്റെ പന്തില്‍ ബൗള്‍ഡ്. കോഹ്‌ലി പുറത്തായതോടെ പിന്നെ കൂട്ടപ്പൊരിച്ചിലായിരുന്നു. തൊട്ടുപിന്നാലെ അജിക്യ രഹാനെ (10) പുറത്ത്. രോഹിത് ശര്‍മയും ധോണിയും സംപൂജ്യരായി മടങ്ങി. 6ന് 117 എന്ന സ്‌കോറിലേക്ക് ഇന്ത്യ കൂപ്പുകുത്തി. പരുക്കേറ്റ് ഗ്രൗണ്ട് വിട്ട് വീണ്ടും ബാറ്റേന്തിയ ശിഖര്‍ ധവാന്‍ (81), ചേതേശ്വര്‍ പൂജാര (43) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. ടീം സ്‌കോര്‍ 143ല്‍ നില്‍ക്കെ ചേതേശ്വര്‍ പൂജാര വീണതോടെ ഇന്ത്യ വന്‍ തകര്‍ച്ചയെ മുന്നില്‍ കണ്ടു. ലീഡ് ഇരുന്നൂറ് കടന്നപ്പോള്‍ ധവാനും മടങ്ങി. ഉമേഷ് യാദവും (30 ), അശ്വിനും (19) പൊരുതി നോക്കിയെങ്കിലും പതനം ആസന്നമായിരുന്നു. 224 ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിച്ചു. ജോണ്‍സനെ കൂടാതെ ഹെയ്‌സല്‍ വുഡ്, സ്റ്റാര്‍ക്ക്, ലിയോണ്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. 128 റണ്‍സെന്ന ദുര്‍ബലല ടോട്ടല്‍ ലക്ഷ്യമിട്ടിറങ്ങിയ ആസ്‌ത്രേലിയ പതറുന്ന കാഴ്ചയാണ് കണ്ടത്. ഓസീസ് സ്‌കോര്‍ 18ല്‍ നില്‍ക്കെ ആറ് റണ്‍സെടുത്ത വാര്‍ണറെ ഇശാന്ത് ശര്‍മ കൂടാരം കയറ്റി. തൊട്ടുപിന്നാലെ വാട്‌സനെ (പൂജ്യം) യും അര്‍ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ റോജേഴ്‌സിനെയും (55) ഇശാന്ത് മടക്കി. പിന്നീട് സ്മിത്തിന്റെയും (28), ഷോണ്‍ മാര്‍ഷിന്റെയും ചെറിയൊരു രക്ഷാപ്രവര്‍ത്തനം. ഇവര്‍ക്കൊപ്പം ഹാഡിനും ഒരു റണ്‍സെടുത്ത് മടങ്ങിയതോടെ മത്സരത്തിന് ചൂടുപിടിച്ചു. എന്നാല്‍ എന്നാല്‍ പ്രതിരോധിക്കാന്‍ വലിയ സ്‌കോറില്ലാത്തത് ഇന്ത്യക്ക് വിനയായി. റോജേഴ്‌സിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഇന്ത്യന്‍ നിരയില്‍ ഇശാന്ത് മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.