ഈജിപ്തില്‍ 40 മുര്‍സി അനുയായികള്‍ക്ക് തടവ് ശിക്ഷ

Posted on: December 20, 2014 12:02 am | Last updated: December 20, 2014 at 12:07 am

കെയ്‌റോ: കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 40 മുര്‍സി അനുയായികള്‍ക്ക് ഈജിപ്ത് കോടതി പതിനഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചു. പോലീസ് സ്റ്റേഷനും ക്രിസ്ത്യന്‍ ആരാധനാലയങ്ങളും തീവെച്ചതുള്‍പ്പെടെയുള്ള കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്. പ്രതികളില്‍ രണ്ട് പേര്‍ക്ക് പതിനഞ്ച് വര്‍ഷവും 38 പേര്‍ക്ക് ഒന്ന് മുതല്‍ പത്ത് വര്‍ഷം വരെയുമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതേ കേസില്‍ 61 പേരെ കോടതി കുറ്റവിമുക്തരാക്കി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 14 നാണ് കേസിനാസ്പദമായ സംഭവം.
മുര്‍സി അനുയായികളുടെ രണ്ട് പ്രതിഷേധപരിപാടി പോലീസും സൈനികരും അടിച്ചമര്‍ത്തുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് രാജ്യത്ത് വന്‍പ്രക്ഷോഭമുണ്ടായത്.
2013 ജുലൈയില്‍ മുര്‍സി സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ശേഷം അദ്ദേഹത്തിന്റെ അനുയായികള്‍ക്കെതിരെ സൈന്യം വന്‍ അടിച്ചമര്‍ത്തല്‍ നയം സ്വീകരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇത് മുതല്‍ രാജ്യത്ത് നടന്ന സംഘര്‍ഷത്തില്‍ 1,400ലേറെ പേര്‍ കൊല്ലപ്പെടുകയും 15,000ലേറെ പേരെ ജയിലിലടയ്ക്കുകയും ചെയ്തു.