Connect with us

Kerala

കേസൊതുക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടയില്‍ പബ്ലിക് പ്രോസിക്യൂട്ടറെ വിജിലന്‍സ് സംഘം പിടികൂടി. നെയ്യാറ്റിന്‍കര കോടതിയിലെ അസിസ്റ്റന്റ് സെഷന്‍സ് കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഷാജുദ്ദീനെയാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഒരുലക്ഷം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു അറസ്റ്റ്. പാറശ്ശാല സ്വാതികാ ജ്വല്ലറി യില്‍ 15 വര്‍ഷം മുമ്പ് നടന്ന സ്വര്‍ണം കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് ഷാജുദ്ദീന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഏഴു കിലോ സ്വര്‍ണമാണ് ജ്വല്ലറിയില്‍ നിന്നും മോഷണം പോയത്. നഷ്ടപ്പെട്ട സ്വര്‍ണം പിന്നീട് വീണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ തൊണ്ടി മുതല്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്ന് ഉറപ്പിന്‍മേല്‍ കോടതി സ്വര്‍ണം ഉടമസ്ഥന് വിട്ടു നല്‍കുകയായിരുന്നു. ഉടമ പിന്നീട് സ്വര്‍ണം വില്‍ക്കുകയും കോടതിയില്‍ ഹാജരാക്കാന്‍ തൊണ്ടിയില്ലാതാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന വാഗ്ദാനം നല്‍കിയാണ് ഷാജുദ്ദീന്‍ കൈക്കൂലി ആവശ്യപ്പെട്ടത്. അഞ്ചു ലക്ഷം രൂപയാണ് ഷാജുദ്ദീന്‍ ആവശ്യപ്പെട്ടത്. വിലപേശലിനൊടുവില്‍ ഇത് മൂന്ന് ലക്ഷം രൂപയായി ചുരുങ്ങി. അമ്പതിനായിരം രൂപ ആദ്യഘട്ടമായി നല്‍കി. വീണ്ടും നിരന്തരം പണം ആവശ്യപ്പെട്ട് ഷാജുദ്ദീന്‍ വിളിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരമാണ് ഇയാള്‍ ഒരു ലക്ഷം രൂപ കൈമാറാന്‍ എത്തിയത്. കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ചേംബറില്‍ വെച്ചാണ് തുക കൈമാറിയത്. പൂജപ്പുര സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റിലെ വി ജിലന്‍സ് ഡി വൈ എസ് പി അജിത് കുമാറിന്റേയും എസ് പി .കെ സുകേശന്റെയും നേതൃത്വത്തിലുള്ള സംഘമാണ് നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരം ഷാജുദ്ദീനെ പിടികൂടിയത്. ബാര്‍കോഴ കേസ് അന്വേഷണത്തിനായി നിയമിക്കപ്പെട്ട സംഘമാണിത്. പനച്ചമൂട് സ്വദേശിയാണ് ഷാജുദ്ദീന്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പബ്ലിക് പ്രോസിക്യൂട്ടറെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്യുന്നത്.

Latest