ദുബൈ: സൂഫി സംഗീതം ലോക ശ്രദ്ധയാകര്‍ഷിച്ചതായി സംഗീത പ്രതിഭ എ ആര്‍ റഹ്മാന്‍ പറഞ്ഞു. അമീര്‍ ഖുസ്രു, ജലാലുദ്ദീന്‍ റൂമി തുടങ്ങിയവരെപ്പോലുള്ള വിഖ്യാത എഴുത്തുകാരുടെ മഹത്വം ഇന്ന് ലോകം തിരിച്ചറിയുന്നത് സൂഫി സംഗീതത്തിലൂടെയാണ്. താന്‍ ചില സിനിമകളില്‍ സൂഫി സംഗീതം ഉപയോഗപ്പെടുത്തിയത് ഒരു കാരണമായിരിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏഷ്യന്‍ സംഗീത പാരമ്പര്യം എത്തിക്കുക എന്ന ദൗത്യം കൂടി ‘സൂഫി’ സംഗീതാവിഷ്‌കാര പരമ്പരക്കുണ്ടെന്നും എ ആര്‍ റഹ്മാന്‍ പറഞ്ഞു. സൂഫി പരമ്പരയുടെ ലോക പ്രീമിയര്‍ ഇന്ന് വൈകീട്ട് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ഓരോ ശ്വാസത്തിലും സംഗീതത്തോടുള്ള സ്‌നേഹം ദര്‍ശിക്കാന്‍ കഴിയുമെന്നും ആത്മ സംതൃപ്തിക്കാണ് സംഗീത സംവിധാനങ്ങളെന്നും റഹ്മാന്‍ പറഞ്ഞു.