Kannur
പ്രതിദിന ആവശ്യം 600 ടണ്‍ കോഴിയിറച്ചി: സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കേരളം

കണ്ണൂര്‍: ഏതു സാഹചര്യത്തിലും കോഴിയിറച്ചിയോടുള്ള പ്രേമം കുറയാത്ത തീറ്റപ്രിയന്‍മാരുള്ള കേരളത്തില്‍ കോഴിയിറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനായി സര്‍ക്കാര്‍ പുതിയ കര്‍മപദ്ധതികളുമായി രംഗത്തിറങ്ങുന്നു. കേരളത്തിന്റെ വിപണി മാത്രം മുന്നില്‍ക്കണ്ട് എന്തുതരം മരുന്നു കുത്തിവെച്ചും ലാഭം കൊയ്യുന്ന അന്യസംസ്ഥാന ലോബികളില്‍ നിന്നുള്ള ഇറച്ചിപ്രിയന്മാരുടെ ആരോഗ്യരക്ഷ കൂടി ലക്ഷ്യം വെച്ചാണ് മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികളിലൂടെ കോഴി ഉത്പാദനത്തിലെ സ്വയം പര്യാപ്തതക്കായി മുന്നിട്ടിറങ്ങുന്നത്. വിവിധ വിഭാഗങ്ങളായുള്ള എട്ട് പദ്ധതികള്‍ക്ക് ഇതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും സംസ്ഥാന പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷനും തുടക്കമിട്ടുകഴിഞ്ഞു. പക്ഷിപ്പനിഭീതിക്കിടെ അന്യസംസ്ഥാനത്ത് നിന്നെത്തുന്ന കോഴിയിറിച്ചി ആശങ്കയോടെ കഴിക്കേണ്ടി വരുന്ന സാഹചര്യം ഇനിയുണ്ടാകരുതെന്ന കണക്കുകൂട്ടലിന്റെ കൂടിയടിസ്ഥാനത്തിലാണ് ശുദ്ധമായ കോഴിയിറച്ചി ഉത്പാദനത്തിനുള്ള അടിയന്തിര നടപടിക്ക് അധികൃതര്‍ ഒരുക്കം തുടങ്ങിയത്. ഇറച്ചിയോടൊപ്പം കോഴിമുട്ട ഉത്പാദനത്തിനും പ്രത്യേക പദ്ധതികളുണ്ട്.
റൂറല്‍ ബാക്‌യാര്‍ഡ് പൗള്‍ട്രി പദ്ധതി വഴി സ്‌കൂളുകള്‍ വഴി തിരഞ്ഞെടുക്കപ്പെട്ട 66,500 കുട്ടികള്‍ക്ക് കോഴി നല്‍കുന്ന പദ്ധതിയാണ് ആദ്യ ഘട്ടം തുടങ്ങിയത്. 400 ലക്ഷം രൂപ ചെലവിട്ടുള്ള ഈ പദ്ധതിക്ക് പുറമെയാണ് മറ്റു പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ഒരു വിദ്യാര്‍ഥിക്ക് 46 ദിവസം മുതല്‍ 60 ദിവസം വരെ പ്രായമായ അഞ്ച് കോഴികളെയും തീറ്റ, മരുന്ന്, സ്റ്റേഷനറി എന്നിവയുമാണ് പദ്ധതിയിലുടെ നല്‍കുന്നത്. ഏകദേശം 4.98 കോടി കോഴിമുട്ട ഉത്പാദനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഗ്രാമം നിറയെ കോഴികള്‍, കോഴിവളര്‍ത്തല്‍ ഗ്രാമങ്ങള്‍, കെപ്‌കൊ ആശ്രയ, കെപ്‌കൊ ഗ്രാമം, നഗരപ്രിയ, കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ്, ആര്‍ കെ വി വൈ പദ്ധതി തുടങ്ങിയവയെല്ലാമാണ് കോഴിയിറച്ചി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനുള്ള മറ്റു പ്രധാന പദ്ധതികള്‍.
ഇതു കൂടാതെ ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെ പ്രതി മാസം ഉത്പാദിപ്പിക്കാനുള്ള കൊമേഴ്‌സ്യല്‍ മുട്ടക്കോഴി ഉത്പാദനകേന്ദ്രം, പുതിയ ബ്രീഡര്‍ ഫാം എന്നിവയും സര്‍ക്കാര്‍ തുടങ്ങുന്നുണ്ട്. കോഴി വളര്‍ത്താന്‍ താത്പര്യമുള്ള കര്‍ഷകരെ കണ്ടത്തി അവര്‍ക്ക് ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ അവയെ കോര്‍പറേഷന്‍ തന്നെ തിരിച്ചെടുത്ത് ഇറച്ചിയാക്കി നല്‍കി വില്‍ക്കാനുള്ള പദ്ധതി സംസ്ഥാന വ്യാപകമാക്കാനും നടപടി സ്വീകരിച്ചുകഴിഞ്ഞു. വളര്‍ത്തുകൂലിയായി കര്‍ഷകര്‍ക്ക് കിലോക്ക് ആറ് രൂപയാണ് നല്‍കുക. കരാര്‍ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം ഇറച്ചിക്കോഴികളെ വളര്‍ത്തി മാംസോത്പാദനം നടത്താനും പദ്ധതിയുണ്ട്. പുതിയ കോഴിവളര്‍ത്തു കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും തുടങ്ങാനും നടപടി സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് ശരാശരി 600 ടണ്‍ കോഴിയിറച്ചിയാണ് ഒരുദിവസം ആവശ്യമുള്ളത്. എന്നാല്‍ 150 ടണ്‍ കോഴിയിറച്ചി മാത്രമാണ് നേരിട്ട് ഉത്പാദിപ്പിക്കുന്നത്. ഭൂരിഭാഗവുമെത്തുന്നത് തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ്. കോഴിയിറച്ചിയുടെയും മുട്ടയുടെയും ഉപഭോഗത്തില്‍ ഇന്ത്യയില്‍ത്തന്നെ മുന്നിട്ടുനില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. പ്രതിദിനം 80 ലക്ഷം കോഴിമുട്ടയാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നത്.
ഓരോ മാസവും ഒരു കോടി കോഴിക്കുഞ്ഞുങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ഫാമുകളിലേക്കെത്തുന്നുണ്ട്. ഇവക്ക് പ്രതിമാസം 35,000 ടണ്‍ കോഴിത്തീറ്റയാണ് ആവശ്യം. സംസ്ഥാനത്ത് പ്രതിമാസം ഏകദേശം 350 കോടി രൂപയുടെ കച്ചവടമാണ് ഈ മേഖലയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഇത്രയും വലിയൊരു വിപണിയുള്ള പൗള്‍ട്രി വ്യവസായ രംഗത്ത് കേരളത്തിന്റെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാറിന്റെ പുതിയ ഇടപെടല്‍.
ഏകദേശം 1970 വരെ കേരളത്തില്‍ നിന്ന് അന്യസംസ്ഥാനങ്ങളിലേക്ക് കോഴിമുട്ട കയറ്റുമതി ചെയ്തിരുന്നു. പിന്നീട് കോഴിവളര്‍ത്തല്‍ മേഖലയില്‍ നിന്ന് സംസ്ഥാനം വളരെയധികം പിന്നാക്കം പോയി. കാര്‍ഷികവൃത്തി മോശമാണെന്ന കാഴ്ചപ്പാട് ഇവിടെ ശക്തിപ്പെട്ടതിന്റെയും അയല്‍സംസ്ഥാനങ്ങള്‍ ഈ മേഖലക്ക് വന്‍ പിന്തുണ നല്‍കിയതിന്റെയും ഫലമായാണ് കോഴിയിറച്ചിയും കോഴിമുട്ടയും കേരളത്തിലേക്ക് വലിയ തോതില്‍ ഇറക്കുമതി ചെയ്യപ്പെട്ടത്. ഇത്തരം കോഴിയിറച്ചിയില്‍ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡ്‌സും കോര്‍ട്ടിസോണും ആരോഗ്യത്തിന് വളരെയേറെ ഹാനികരമാണെന്നും പല തവണ കണ്ടെത്തിയിട്ടുമുണ്ട്. ഏറ്റവും കുറഞ്ഞത് രണ്ട് വര്‍ഷം കൊണ്ടെങ്കിലും ഈ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം.