Connect with us

Palakkad

നബാര്‍ഡ് നിബന്ധന തടസ്സമായി: കെ എസ് ആര്‍ ടി സിക്ക് ആദ്യഗഡു അമ്പത് കോടിമാത്രം

Published

|

Last Updated

പാലക്കാട്: കെ എസ് ആര്‍ ടി സിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ സഹകരണബേങ്ക് അനുവദിച്ച 200 കോടി രൂപ ഒരുമിച്ച് നല്‍കുന്നതിന് നബാര്‍ഡിന്റെ നിബന്ധന തടസ്സമായി. ഇതേ തുടര്‍ന്ന് ആദ്യ ഗഡുവായി 50 കോടി രൂപ മാത്രം അനുവദിക്കാന്‍ബേങ്ക് ഭരണസമിതി തീരുമാനിച്ചു. ആദ്യഘട്ട വായ്പയുടെ തിരിച്ചടവ് പരിഗണിച്ചാകും ബാക്കി തുക അനുവദിക്കുക.കെ എസ് ആര്‍ ടി സിക്ക് പുതിയ ബസ് വാങ്ങുന്നതിനുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തണനങ്ങള്‍ക്കും ഭരണ കാര്യങ്ങള്‍ക്കുമായി 200 കോടി രൂപയാണ് പാലക്കാട് സഹകരണ ബേങ്ക് വായ്പ അനുവദിച്ചിരുന്നത്. എന്നാല്‍ നബാര്‍ഡ് നിബന്ധന പ്രകാരം സഹകരണ ബേങ്കുകള്‍ ഒരു സ്ഥാപനത്തിന് ഒരേ സമയം 50 കോടി രൂപയിലധികം വായ്പ നല്‍കാന്‍ പാടില്ലെന്ന നിബന്ധനയുള്ളതിനാല്‍ വായ്പാ തുക ഗഡുക്കളായി നല്‍കാനാണ് ബേങ്ക് തീരുമാനം. ഇതേ തുടര്‍ന്ന് ആദ്യഗഡുവായി 50 കോടി രൂപ അനുവദിക്കാനാണ് ഭരണസമിതി തീരുമാനം. വായ്പയുടെ തിരിച്ചടവ് കൃത്യമാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കൂ.പാലക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി, മണ്ണാര്‍ക്കാട് ഡിപ്പോകളിലേതായി 240 ബസുകള്‍ ഈടുനല്‍കുമെന്ന മുന്‍ ധാരണയില്‍ നിന്ന് വ്യത്യസ്തമായി എടപ്പാളിലെ 53 ഏക്കര്‍ ഭൂമി ഇടു നല്‍കിയാണ് കെ എസ് ആര്‍ ടി സി വായ്പ എടുക്കുന്നത്. വായ്പക്ക് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരന്റിയുമുണ്ട്. പാലക്കാട്, ചിറ്റൂര്‍ ഡിപ്പോകളിലെ വരുമാനമാണ് തിരിച്ചടയ്ക്കാനായി ഉപയോഗിക്കുക. ഏഴു വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ട വായ്പയ്ക്ക് 12 ശതമാനം പലിശയും ഈടാക്കുന്നുണ്ട്.