Connect with us

National

ഇസില്‍ ട്വിറ്റര്‍: മെഹ്ദി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

ബംഗളൂരു: ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്തിന്റെ (ഇസില്‍) ട്വിറ്റര്‍ അക്കൗണ്ട് നിയന്ത്രിച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മെഹ്ദി മസ്‌റൂര്‍ ബിശ്വാസിനെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയിരുന്നതായും കോടതി ഇയാളെ അഞ്ച് ദിവസം ബെംഗളൂരു സി സി ബി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയുമായിരുന്നുവെന്ന് ഡി സി പി ക്രൈം അഭിഷേക് ഗോയല്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ബിശ്വാസ്, താന്‍ കുറ്റം ചെയ്‌തെന്ന് സമ്മതിച്ചതായി പോലീസ് പറയുന്നു. എന്നാല്‍ നേരത്തെ തന്നെ തനിക്കെതിരെയുള്ള മുഴുവന്‍ ആരോപണങ്ങളും ബിശ്വാസ് തള്ളിക്കളഞ്ഞിരുന്നു. പോലീസ് കൃത്രിമമായി പടച്ചുണ്ടാക്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്യുന്നതെന്നും പോലീസ് തന്നെ കൊല്ലുമെന്ന് ഭയപ്പെടുന്നതായും ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാറിനെതിരെ യുദ്ധം ചെയ്താലുള്ള ഐ പി സി 125 പ്രകാരമാണ് ബിശ്വാസിനെതിരെ പോലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇതിന് പുറമെ, സെഷന്‍ 18,39, 66 വകുപ്പുകള്‍ പ്രകാരവും പോലീസ് ഇയാള്‍ക്കെതിരെ കേസ് ചുമത്തി.
അതേസമയ, ബിശ്വാസിനെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററില്‍ നല്‍കിയ ഗോയലിനെതിരെ ഭീഷണി സന്ദേശം വന്നിട്ടുണ്ട്. ഇപ്പോള്‍ തങ്ങളുടെ സഹോദരനെ നിങ്ങളുടെ കൈവശം വിട്ട് ഞങ്ങള്‍ പോകില്ല, പ്രതികാരങ്ങള്‍ വരുന്നു, കാത്തിരിക്കുക എന്നിങ്ങനെയാണ് ഭീഷണ സന്ദേശം ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ ഗൗരവമായി എടുക്കുന്നില്ലെന്നാണ് ഗോയലിന്റെ പ്രതികരണം.
തന്റെ മകന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണേന്ന് മെഹ്ദിയുടെ പിതാവ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.