താക്കോല്‍സ്ഥാനങ്ങളില്‍ നിന്ന് ലീഗ് നേതാക്കളെ ഒഴിവാക്കി നാട്ടുകാര്‍ അന്‍വരിയ്യ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Posted on: December 12, 2014 9:19 am | Last updated: December 12, 2014 at 9:20 am

ചെര്‍പ്പുളശേരി: അന്‍വരിയ്യ അറബിക് കോളജിന്റെ താക്കോല്‍സ്ഥാനങ്ങളില്‍ നിന്നും ലീഗ് നേതാക്കളെ ഒഴിവാക്കി നാട്ടുകാര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നേരത്തെ അന്‍വരിയ്യ കമ്മിറ്റിയുടെ വര്‍ക്കിംഗ് സെക്രട്ടറിയായിരുന്ന ലീഗ് സംസ്ഥാന സമിതിഅംഗവും ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന മരക്കാര്‍ മാരായമംഗലം തുല്യസ്ഥാനങ്ങള്‍ വഹിച്ചിരുന്ന മംഗലശേരി ബീരാന്‍ഹാജി പൊട്ടച്ചിറ, സഹോദരന്‍ പൊട്ടച്ചിറ അബ്ദുഹാജി എന്നിവരെയാണ് അന്‍വരിയ്യ കമ്മിറ്റിയുടെ പ്രധാന ചുമതലകളില്‍ നിന്നും ഒഴിവാക്കിയത്.
പൊട്ടച്ചിറ ബീവിയുടെ പ്രത്യേക നിര്‍ദേശം പ്രകാരം അന്‍വരിയ്യയുടെ ചുമതല വഹിച്ചിരുന്ന കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം 1996ല്‍ അന്‍വരിയ്യയില്‍ നിന്നും ഒഴിവാക്കിയതിന് ശേഷം സ്ഥാപനത്തിന്റെ നടത്തിപ്പില്‍ സുതാര്യതയില്ലെന്ന് നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ടായിരുന്നു. കഴിഞ്ഞ പതിനെട്ടു വര്‍ഷമായി സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അഡ്മിഷന്‍ നല്‍കാനോ, വിദ്യാഭ്യാസ നിലവാരമുയര്‍ത്താനോ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനോ യാതൊന്നും ചെയ്യുന്നില്ലെന്നും സ്ഥാപനത്തിന്റെ സ്ഥാവര ജംഗമസ്വത്തുക്കള്‍ ക്രമരഹിതമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തിന്റെ പേരില്‍ മുന്‍പ്രിന്‍സിപ്പാള്‍ സ്ഥാപനത്തില്‍ നിന്ന് രാജിവെക്കേണ്ടി വന്നതായും നാട്ടുകാര്‍ പറയുന്നു. സ്ഥാപനത്തിലെ ദൈനംദിന ചെലവുകള്‍ക്ക് പോലും വക കണ്ടെത്താന്‍ കഴിയാത്തവര്‍ സ്ഥാപനത്തിന്റെ കൈകാര്യകര്‍ത്താക്കളായി ഉണ്ടായിരുന്ന സ്ഥാപനങ്ങളില്‍ ആളായി നടക്കുകയായിരുന്ന ചിലരെയാണ് നാട്ടുകാര്‍ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ പതിനെട്ട് വര്‍ഷമായി സ്ഥാപനത്തിന് ഒരു രൂപ വരുമാനമുണ്ടാക്കാന്‍ പറ്റുന്ന ഒരു സ്ഥാപനമോ, സംവിധാനങ്ങളോ ഉണ്ടാകാതിരിക്കുകയും കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അന്‍വരിയ്യയുടെ വളര്‍ച്ചക്ക് വേണ്ടി സ്ഥാപിച്ച മുഅസസത്തുല്‍ തര്‍ബ്ബിയത്തില്‍ ഇസ്‌ലാമിയ്യ (എം ടി ഐ) സ്വകാര്യ സ്വത്താക്കാന്‍ ശ്രമിക്കുകയും അതില്‍ നിന്ന് ലഭിക്കുന്ന ലാഭവിഹിതം സ്ഥാപനത്തില്‍ എത്താതിരിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു.
എം ടി ഐ സ്‌കൂള്‍ സ്വന്തംകുടുംബസ്വത്താക്കാനുള്ള ശ്രമം ജനങ്ങളിലെത്തിയതോടെ പൊട്ടച്ചിറ ബിരാന്‍ഹാജിയെയും അബ്ദുഹാജിയെയും അതിന്റെ ആജീവനാന്ത മെമ്പര്‍ സ്ഥാനത്ത് നിന്നും നാട്ടുകാര്‍ ഏതാനും മാസം മുമ്പ് നീക്കം ചെയ്തിരുന്നു. എം ടി ഐ യില്‍ നിന്നും ഒഴിവാക്കിയെങ്കിലും അന്‍വരിയ്യയിലുണ്ടെന്ന സമാധാനത്തിലായിരുന്നു ഇവര്‍ മൂവരും അന്‍വരിയ്യ ജനറല്‍ ബോഡിയിലെത്തിയത് അവിടെയും നടപടിയുണ്ടാകുമെന്ന് മനസ്സിലാക്കി ഇവര്‍ പാണക്കാട് തങ്ങളുമായി ചില ഒത്ത് തീര്‍പ്പ് ഫോര്‍മുലകള്‍ക്ക് ശ്രമിച്ചിരുന്നു. അന്‍വരിയ്യയില്‍ നിന്ന് പുറത്തായാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നും തങ്ങളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ഫോര്‍മുലകള്‍ക്കൊന്നും നാട്ടുകാര്‍ വഴങ്ങിയില്ല. സ്വന്തമഹല്ല് കമ്മിറ്റിയിലെ പ്രസിഡന്റ് സ്ഥാനത്ത് വര്‍ഷങ്ങളായി തുടരുന്ന ഇദ്ദേഹത്തിനെതിരെ രണ്ടര ഏക്കര്‍ വഖഫ് സ്വത്ത് അന്യാധീനപ്പെട്ട് പോയതിന്റെ പേരില്‍ ഇദ്ദേഹത്തെ മാറ്റി നിര്‍ത്തിഅന്വേഷണം നടത്താന്‍ മാരായമംഗലം മഹല്ല് കമ്മിറ്റി തീരുമാനിച്ച് ഒരാഴ്ച തികയുന്നതിന്റെ മുന്‍പാണ് അന്‍വരിയ്യയില്‍ നിന്നും ഇയാളെ പുറത്താക്കുന്നത്. എസ് എം എഫ് ജില്ലാ ട്രഷറും സംസ്ഥാനനേതാവുമാണ് പുറത്താക്കപ്പെട്ട പൊട്ടച്ചിറ ബീരാന്‍ ഹാജി. ലീഗും സമസ്തയും തമ്മിലുള്ള പടലപിണക്കത്തിന് പകതീര്‍ക്കാനാണ് ഈ അവസരം ഉപയോഗപ്പെടുത്തി സമസ്ത തന്ത്രം മെനഞ്ഞത്.
സ്ഥാന തലത്തില്‍ തന്നെയുള്ള ലീഗ്- എസ് കെ പോര് ജില്ലയില്‍ ഇത് വരെ മറനീക്കി പുറത്ത് വന്നിരുന്നില്ല. എന്നാല്‍ ലീഗ് നേതാക്കളെ അകറ്റാന്‍ വേണ്ടിയാണ് സമസ്ത കളിച്ചതെന്നും ആ ആക്ഷേപം പുറത്ത് വരാതിരിക്കാന്‍ ചില പൊടികൈകള്‍ അവര്‍ നടത്തുകയാണെന്നും സ്വകാര്യം പറയുന്നവരുമുണ്ട്. ഏതായാലും നാട്ടുകാരനും മഹല്ല് ഖാസിയുമായ മുഹമ്മദ് മുസ് ലിയാരെ ജനറല്‍ സെക്രട്ടറിയായി തിരെഞ്ഞടുത്ത് നാട്ടുകാര്‍ ഇനിയെങ്കിലും അന്‍വരിയ്യ അതിന്റെ പഴയപ്രതാപം വീണ്ടെടുക്കണമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ്.