പുതു ശക്തിയായി മാതിരപ്പിള്ളി

Posted on: December 12, 2014 2:43 am | Last updated: December 11, 2014 at 11:43 pm

തിരുവനന്തപുരം: സംസ്ഥാന കായികമേളയില്‍ അരങ്ങുവാഴുന്ന കോതമംഗലം സ്‌കൂളുകള്‍ക്ക് ഭീഷണി ഉയര്‍ത്തി എറണാകുളം ജില്ലയില്‍ നിന്ന് മറ്റൊരു സ്‌കൂള്‍ കൂടി. മാതിരപ്പിള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് കരുത്തര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ സ്‌കൂള്‍ മീറ്റിലാണ് മാതിരിപ്പിള്ളി സ്‌കൂള്‍ കായികമേളയില്‍ ഹരിശ്രീ കുറിക്കുന്നത്. തങ്ങളുടെ രണ്ടാം മീറ്റില്‍ ആറ് സ്വര്‍ണവും, ഏഴുവെള്ളിയും, മൂന്നു വെങ്കലവുമാണ് സ്‌കൂളിന്റെ സമ്പാദ്യം. കഴിഞ്ഞ തവണ 33 പോയിന്റായിരുന്നുവെങ്കില്‍ ഇത്തവണ 54 പോയിന്റായി ഉയര്‍ന്നു. തൊട്ടുത്ത എതിരാളിയായ പാലക്കാടിനെ ബഹുദൂരം പിന്തള്ളാന്‍ എറണാകുളത്തെ പ്രാപ്തമാക്കിയതില്‍ മാതിരപ്പിള്ളിക്ക് നിര്‍ണായക പങ്കുണ്ടെന്ന് നിസംശയം പറയാം.
മാര്‍ അത്തനേഷ്യസ് കോളജ് അക്കാദമിയില്‍ പരിശീലനം നേടിയ വിദ്യാര്‍ഥികള്‍ ആദ്യ ഉദ്യമത്തില്‍ തന്നെ ആറാം സ്ഥാനം കരസ്ഥമാക്കി. ഫീല്‍ഡില്‍ ത്രോ ഇനങ്ങളിലാണ് സ്‌കൂള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത്തവണ സ്‌കൂളില്‍നിന്ന് മേളക്കെത്തിയ 15 വിദ്യാര്‍ഥികളില്‍ 12 പേരും മെഡല്‍ നേടിയിട്ടുണ്ട്.
പ്രവാസികളായ പൂര്‍വവിദ്യാര്‍ഥികളും നാട്ടുകാരും കൈയയച്ചു സഹായിക്കുന്നതാണ് മാതിര പരിമിതിക്കിടയിലും വിജയം നേടുന്ന ചെറിയ സ്‌കൂളുകള്‍ മേളയുടെ പ്രത്യാശ പകരുന്ന ഭാഗമാണ്. ഇത്‌സര്‍ക്കാര്‍ സ്‌കൂളുകള്‍ കൂടിയാകുമ്പോള്‍ ഇവരുടെ നേട്ടത്തിന് ഇരട്ടി പ്രാധാന്യം കൈവരും.