ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

Posted on: December 9, 2014 10:41 am | Last updated: December 9, 2014 at 10:41 am

കോഴിക്കോട്: വരുമാനം സത്യസന്ധമായി വെളിപ്പെടുത്തി ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ച് പലിശ സഹിതം നികുതി അടക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങുന്നു. ആദായ നികുതി വകുപ്പ് കോഴിക്കോട് കമ്മിഷണര്‍ പി എന്‍ ദേവദാസനാണ് ഇക്കാര്യം അറിയിച്ചത്.
വരുമാനം സ്വമേധയാ ആദായനികുതി റിട്ടേണുകളില്‍ രേഖപ്പെടുത്തി ആദായനികുതി വകുപ്പിന് സമര്‍പ്പിക്കുകയാണെങ്കില്‍ നികുതിയുടെ മൂന്നിരട്ടിയോളം വരുന്ന പിഴയില്‍ നിന്നും ജയില്‍ ശിക്ഷയില്‍ നിന്നും വിമുക്തരാകാന്‍ കഴിയും. ഈ അവസരം പ്രയോജനപ്പെടുത്തണം.
കണക്കില്‍പെടാത്ത പണം നിക്ഷേപിച്ചവര്‍ വരുമാന സ്രോതസ്സ് വെളിപ്പെടുത്തി ആദായനികുതി അടച്ചില്ലെങ്കില്‍ സാമ്പത്തിക കുറ്റങ്ങള്‍ക്കുള്ള കോടതിയില്‍ കേസ് ഫയല്‍ ചെയ്ത് ശിക്ഷ ഉറപ്പാക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ കഴിഞ്ഞ ദിവസം വരെ 244 കോടിയാണ് മലബാറിലെ അഞ്ച് ജില്ലകളില്‍ നിന്നായി ആദായനികുതിയിനത്തില്‍ അടച്ചത്. വരുമാന സ്രോതസ്സ് വ്യക്തമായി കാണിക്കുകയോ നികുതി അടക്കുകയോ ചെയ്യാത്തവരുടെ വിവരം ശേഖരിച്ച് മലബാറിലെ അഞ്ച് ജില്ലകളിലായി 11,000 ത്തോളം നോട്ടീസുകള്‍ ഈ വര്‍ഷം അയച്ചുകഴിഞ്ഞു. നോട്ടീസിന് മറുപടി നല്‍കാത്ത നാലായിരത്തോളം പേര്‍ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവര്‍ക്കെല്ലാം പുറമെ യഥാസമയം നികുതി അടക്കാത്ത 23,437 പേരെ പറ്റിയുള്ള വിവരങ്ങള്‍ ആദായനികുതിവകുപ്പ് മേഖലാ ഓഫീസിന് ലഭിച്ചിട്ടുണ്ട്. അതില്‍ 10,243 പേര്‍ക്ക് ഇതിനകം നോട്ടീസുകള്‍ അയച്ചു.
കോഴിക്കോട് കമ്മീഷണറുടെ പരിധിയിലുള്ള കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ 2006 ന് ശേഷം നിര്‍മിച്ച 3000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മിക്ക കെട്ടിടങ്ങളും കള്ളപ്പണം ഉപയോഗിച്ചാണ് നിര്‍മിച്ചതെന്ന് വ്യക്തമായ സാഹചര്യത്തില്‍ വരുമാനം ശരിയായി കാണിച്ച് ഇനിയും നികുതിയടക്കാത്തവരുടെ വീടുകളും കെട്ടിടങ്ങളും കണ്ടുകെട്ടും.
സംസ്ഥാനത്തെ സഹകരണ ബേങ്കുകളിലുള്ള ഒരു ലക്ഷം കോടിയില്‍ പരം നിക്ഷേപത്തില്‍ 20000 മുതല്‍ 30000 കോടി രൂപ വരെ കണക്കില്‍പെടാത്ത കള്ളപ്പണമാണെന്ന് പി എന്‍ ദേവദാസന്‍ അഭിപ്രായപ്പെട്ടു.
മലബാര്‍ മേഖലയിലുള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തുകയും വ്യക്തമായ വരുമാനസ്രോതസ്സില്ലാത്ത നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം കോഴിക്കോട് പരിധിയില്‍ 30 സര്‍വേകളും 13 റെയ്ഡുകളും നടത്തിയതില്‍ 150 കോടിയോളം രൂപയുടെ കള്ളപ്പണം കണ്ടെടുക്കാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോഴും പല സഹകരണ ബേങ്കുകളും വിവരങ്ങള്‍ തരാതെ ഒഴിഞ്ഞുമാറുകയാണ്.
വന്‍ നികുതി വെട്ടിപ്പിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുകയും അറിയിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. പ്രത്യേക ഫോറത്തില്‍ നികുതിവെട്ടിപ്പ് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുന്നവര്‍ക്ക് നികുതിയുടെ അഞ്ച് ശതമാനം വരെ പ്രതിഫലമായി നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഇന്‍കംടാക്‌സ് അഡീഷനല്‍ കമ്മിഷണര്‍ എന്‍ വി രുദ്രന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇന്‍കം ടാക്‌സ് ഓഫീസര്‍ സനില്‍ ശിവദാസ്, ടെക്‌നിക്കല്‍ വിഭാഗം ഇന്‍കംടാക്‌സ് ഓഫിസര്‍ വി എം ജയദേവന്‍ പങ്കെടുത്തു.